Press Club Vartha

സാക്ഷാല്‍ കുമ്പിടി തന്നെ; ആദ്യം തൃശ്ശൂരില്‍, പിന്നെ തിരുവനന്തപുരത്ത്, ഇപ്പോള്‍ ഗുരുവായൂരില്‍; സുരേഷ് ഗോപിയുടെ വോട്ടോട്ടം

തിരുവനന്തപുരം: തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാനുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വോട്ടോട്ടം ഇനി എത്തി നില്‍ക്കുന്നത് ഗുരുവായൂരില്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുരുവായൂര്‍ മണ്ഡലത്തിലാണ് സുരേഷ് ഗോപിക്ക് വോട്ട്. ലോക്‌സഭയില്‍ തൃശ്ശൂരിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തുമായിരുന്നു അദ്ദേഹം വോട്ട് ചെയ്തത്. സുരേഷ് ഗോപി കുമ്പിടിയാണെന്ന പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയും വ്യത്യസ്ത സ്ഥലങ്ങളില്‍ വോട്ട് വന്നതില്‍ വിശദീകരണവുമായി സുരേഷ് ഗോപിയും രംഗത്തെത്തി.

‘കുമ്പടിക്ക് ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ഗുരുവായൂരിലാണ്. രണ്ട് മാസം മുമ്പാണ് ഇദ്ദേഹം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് വോട്ട് ചെയ്തത്. ഒരുവര്‍ഷം മുന്‍പ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരിലും വോട്ട് ചെയ്തു. ഇത്തവണ കുടുംബസമേതമല്ല ഒറ്റയ്ക്കാണെന്ന വ്യത്യാസമുണ്ട്. സമ്മതിക്കണം ഇദ്ദേഹത്തെ എന്ന് അനില്‍ അക്കര ഫേസ്ബുക്കില്‍ കുറിച്ചു.

വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ വിശദീകരണവുമായി സുരേഷ് ഗോപി എംപിയുടെ ഓഫീസ് രംഗത്തെത്തി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നെട്ടിശേരിയിലെ വാടക വീടിന്റെ വിലാസത്തില്‍ ആയിരുന്നു സുരേഷ് ഗോപിക്ക് വോട്ട്. നെട്ടിശേരിയിലെ വാടക വീട് വില്പന നടത്തിയതിനാലാണ് ഗുരുവായൂരിലെ സ്വന്തം ഫ്ലാറ്റിലേക്ക് സുരേഷ് ഗോപിയുടെ വോട്ട് മാറ്റിയത്. കുടുംബാംഗങ്ങളുടെ വോട്ട് തിരുവനന്തപുരത്തേക്ക് മാറ്റുകയും ചെയ്തുവെന്നാണ് ഓഫീസിന്റെ വിശദീകരണം.

ഗുരുവായൂരില്‍ 697-ാം നമ്പര്‍ വോട്ടര്‍ ആയാണ് സുരേഷ് ഗോപിയുടെ പേര് ചേര്‍ത്തിരിക്കുന്നത്. ക്ഷേത്രത്തോട് ചേര്‍ന്നുള്ള അച്യുതം ഫ്ലാറ്റിലാണ് വോട്ട് ചേര്‍ത്തത്. ഗുരുവായൂരിലെ ആദ്യത്തെ ഫ്ളാറ്റ് സമുച്ചയമാണ് അച്യുതം. സുരേഷ് ഗോപിയുടെ ഉടമസ്ഥതയിലാണ് ഫ്ളാറ്റ്.

Share This Post
Exit mobile version