
കോഴിക്കോട്: കാലപ്പഴക്കത്താല്‍ അപകടാവസ്ഥയിലായിരുന്ന കോഴിക്കോട് വലിയങ്ങാടിയിലെ കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നു വീണ് നാലുപേര്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. അപകടത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അപകടം സംബന്ധിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പിക്കാന്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിക്കും ജില്ലാ കളക്ടര്‍ക്കും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. തിങ്കളാഴ്ചയാണ് പഴക്കം ചെന്ന കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നു നാലുപേര്‍ മരിച്ചത്.
കോഴിക്കോട് ജില്ലയില്‍ സമാനമായ സാഹചര്യത്തില്‍ അടിയന്തര അറ്റകുറ്റപണികള്‍ ആവശ്യമായ കെട്ടിടങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ പുനരുദ്ധാരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. മാര്‍ച്ചില്‍ കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കുമെന്നും മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.
കിനാശ്ശേരി സ്വദേശി ജബ്ബാര്‍, അത്തോളി സ്വദേശികളായ അഷ്റഫ്, ബഷീര്‍, തിരുവങ്ങൂര്‍ സ്വദേശി വിനോദ് എന്നിവരാണ് അപകടത്തില്‍ മരിച്ചിരുന്നത്. കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് അപകടം സംഭവിച്ചത്. നിരവധി തൊഴിലാളികള്‍ വിശ്രമിക്കാനായി എത്തുന്ന കെട്ടിടം കൂടിയാണിത്. അപകടസമയത്ത് അഞ്ച് തൊഴിലാളികളാണ് ഇവിടെ ഉണ്ടായിരുന്നത്.
സംഭവം അനാസ്ഥയാണെന്നും സുരക്ഷാ സംവിധാനങ്ങളില്‍ ഒരു അടിസ്ഥാനവുമില്ലെന്നും കൃത്യമായ പരിശോധനകള്‍ നടക്കുന്നില്ലെന്നും വലിയ അപകടമാണ് നടന്നതെന്നും എവിടെയാണ് കോര്‍പ്പറേഷന് വീഴ്ച പറ്റിയതെന്ന് പരിശോധിക്കുമെന്നും മേയര്‍ ഒ സദാശിവന്‍ പറഞ്ഞിരുന്നു. കെട്ടിടത്തിന് എഴുപത് വര്‍ഷത്തോളം പഴക്കമുണ്ട്. രണ്ടാഴ്ച മുന്‍പ് ഇതേ കെട്ടിടത്തില്‍ പുതിയ സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചിരുന്നു. കെട്ടിടം പൊളിച്ചുനീക്കണമെന്ന നിര്‍ദേശം ഉണ്ടായിരുന്നു. ഇത് മറികടന്നാണ് സ്ഥാപനത്തിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.