
തിരുവനന്തപുരം: തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി പിഎസ്.സി ഉദ്യോഗാര്‍ത്ഥികളെ സന്തോഷിപ്പിക്കുന്ന നീക്കവുമായി കേരള സര്‍ക്കാര്‍. പിഎസ്.സി പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജനറല്‍ വിഭാഗത്തില്‍ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി നാലുവര്‍ഷം ദീര്‍ഘിപ്പിച്ച് 40 വയസ്സ് വരെയാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നേരത്തെ ഇത് 36 വയസ്സായിരുന്നു. പുതിയ തീരുമാനം അനുസരിച്ച് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് 45 വരെയും ജോലിക്കായി അപേക്ഷിക്കാം. ഒബിസി വിഭാഗക്കാര്‍ക്ക് 39 വയസ്സായിരുന്ന പ്രായപരിധി 43 വയസ്സാക്കിയിട്ടുണ്ട്.
ഉദ്യോഗാര്‍ഥികളുടെ ഏറെക്കാലത്തെ ആവശ്യം അംഗീകരിച്ചാണ് മന്ത്രിസഭാ യോഗം പ്രായപരിധി വര്‍ധിപ്പിച്ചത്. നേരത്തെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നിലവില്‍ വന്ന ശേഷം വിരമിക്കല്‍ പ്രായപരിധി 60 ആക്കി ഉയര്‍ത്തിയിരുന്നു. 2013 ഏപ്രില്‍ ഒന്നിനു ശേഷം നിയമിതരാകുന്ന ജീവനക്കാര്‍ക്കാണ് ഇത് ബാധകമായിരുന്നത്. അപ്പോഴും പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 36 ആയി തുടര്‍ന്നു. പങ്കാളിത്ത പെന്‍ഷന്‍ നിലവില്‍ വരുമ്പോള്‍ 56 വയസ്സായിരുന്നു സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി അനുസരിച്ച് പരീക്ഷയ്ക്കുള്ള പ്രായപരിധിയും വര്‍ധിപ്പിക്കണമെന്ന ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യമാണ് അംഗീകരിച്ചിരിക്കുന്നത്.
കേരളം ഒഴികെ മറ്റു സംസ്ഥാനങ്ങളിലെല്ലാം പ്രായപരിധി 40ന് മുകളിലാണ്. തെലങ്കാന (46), ഗോവ (45), ആന്ധ്രാപ്രദേശ് (42), ഒഡീഷ (42), ഹരിയാന (42), ഉത്തരാഖണ്ഡ് (42), ഛത്തീസ്ഗഢ് (40), മധ്യപ്രദേശ് (40), ഉത്തര്‍പ്രദേശ് (40) എന്നിങ്ങനെയാണ് പ്രായപരിധി.