Press Club Vartha

ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖയ്‌ക്കെതിരെ പോക്‌സോ കേസ്; ഇരകളുടെ പേര് വെളിപ്പെടുത്തിയെന്ന് പരാതി

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളടക്കം വിവിധ പീഡനക്കേസുകളിലെ ഇരകളുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയില്‍ ബിജെപി കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍.ശ്രീലേഖയ്‌ക്കെതിരെ പോക്‌സോ കേസ്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നാണ് നടപടി.

ഡല്‍ഹി നിര്‍ഭയ കേസ്, കിളിരൂര്‍-കവിയൂര്‍ കേസുകള്‍, സൗമ്യ വധക്കേസ്, പെരുമ്പാവൂരിലെ പീഡനക്കേസ് തുടങ്ങി കേരളത്തെയും രാജ്യത്തെയും നടുക്കിയ നിരവധി കേസുകളിലെ ഇരകളുടെ സ്വകാര്യ വിവരങ്ങള്‍ ശ്രീലേഖ പരസ്യപ്പെടുത്തിയെന്നാണ് പരാതി. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ സിവില്‍ റൈറ്റ്സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് സൊസൈറ്റി സെക്രട്ടറി ആര്‍. ജയചന്ദ്രനാണ് പരാതിക്കാരന്‍.

ഇരകളുടെ പേരും തിരിച്ചറിയാന്‍ സഹായിക്കുന്ന മറ്റ് വിവരങ്ങളും വെളിപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജയചന്ദ്രന്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. ആദ്യം മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയെങ്കിലും മുന്‍ ഡിജിപി എന്ന നിലയിലുള്ള സ്വാധീനം കാരണം കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ല. തുടര്‍ന്ന് പരാതിക്കാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു. പരാതിയും പ്രാഥമിക തെളിവുകളും പരിശോധിച്ച കോടതി, ശ്രീലേഖയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. പരാതിക്കാരനുവേണ്ടി അഭിഭാഷകനായ അഡ്വ. എം. അനില്‍ കുമാര്‍ കോടതിയില്‍ ഹാജരായി.

Share This Post
Exit mobile version