Press Club Vartha

കെഎസ്ആര്‍ടിസിക്ക് വന്‍ തിരിച്ചടി; പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരെ തിരിച്ചെടുക്കണം; മുന്‍കാല പ്രാബല്യം വേണമെന്ന് ഉത്തരവ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് കനത്ത തിരിച്ചടിയായി വ്യവസായ ട്രൈബ്യൂണല്‍ ഉത്തരവ്. കെഎസ്ആര്‍ടിസി പിരിച്ചുവിട്ട എം പാനല്‍ ജീവനക്കാരെ തിരിച്ചെടുക്കണമെന്നും അവര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ അര്‍ഹമായ 50 ശതമാനം സര്‍വീസ് ആനുകൂല്യങ്ങള്‍ നല്‍കണമെന്നും ട്രൈബൂണല്‍ ഉത്തരവിട്ടു. പിരിച്ചുവിട്ട 3,500 ല്‍ അധികം എം പാനലുകാരെ തിരിച്ചെടുത്ത് അവരെ പിരിച്ചുവിട്ട അന്ന് മുതല്‍ പുനര്‍ നിയമനം നല്‍കുന്ന കാലയളവു വരെ 50 ശതമാനം വേതനം നല്‍കണമെന്നാണ് ഉത്തരവ്.

ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷം 249 ദിവസം തുടര്‍ച്ചയായി ജോലി ചെയ്ത ശേഷം പിരിച്ചുവിടപ്പെട്ട എം പാനലുകാരെയാണ് ഈ ഉത്തരവ് പ്രകാരം തിരിച്ചെടുത്ത് ആനുകൂല്യം നല്‍കേണ്ടത്. ഉദ്യോഗസ്ഥരെ തിരിച്ചെടുക്കുന്നതിനെ ശക്തമായി എതിര്‍ത്ത കെഎസ്ആര്‍ടിസി കേസ് വിചാരണയില്‍ എം പാനലുകാരുടെ വിവരങ്ങള്‍ ബോധപൂര്‍വം മറച്ചു വച്ച് കബളിപ്പിക്കാന്‍ ശ്രമിച്ചതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.

ഹൈക്കോടതിയാണ് വ്യവസായ ട്രൈബ്യൂണലിനെ സമീപിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് നിര്‍ദേശം നല്‍കിയത്. തിരിച്ചെടുക്കലും ഇതുവരെയുളള വേതനം നല്‍കലും കെഎസ്ആര്‍ടിസിക്ക് വലിയ സാമ്പത്തിക ബാധ്യതയാകും. ഹൈക്കോടതി വിധിക്ക് എതിരായ ഉത്തരവായതിനാല്‍ നിയമോപദേശം തേടി തുടര്‍ നടപടിയെടുക്കാനാകും കെഎസ്ആര്‍ടിസി തീരുമാനം.

Share This Post
Exit mobile version