Press Club Vartha

നവകേരള സര്‍വേ കാലാവധി നീട്ടി; അവസാനിക്കുന്നത് മാര്‍ച്ച് 31ന്; വീടൊന്നിന് ഒരാള്‍ക്ക് 7.50 രൂപ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ജനസമ്പര്‍ക്ക പരിപാടിയായ ‘നവകേരളം – സിറ്റിസണ്‍ റെസ്‌പോണ്‍സ്’ പ്രോഗ്രാമിന്റെ കാലാവധി നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വീട് സന്ദര്‍ശനം നടത്തുന്ന വൊളണ്ടിയര്‍മാര്‍ക്കുള്ള പ്രതിഫലവും നിശ്ചയിച്ചിട്ടുണ്ട്. ഈമാസം 31 വരെയാണ് പ്രോഗ്രാമിന്റെ തിയ്യതി നീട്ടിയത്. നേരത്തെ ഫെബ്രുവരി 28 വരെയായിരുന്നു നിശ്ചയിച്ചിരുന്നത്. സര്‍വേ നടത്താനുള്ള സര്‍ക്കാരിന്റെ ഉത്തരവു റദ്ദാക്കി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തതോടെയാണ് കാലാവധി നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് 20 കോടി രൂപ ചെലവിട്ടാണ് നവകേരള സര്‍വേ നടത്തുന്നത്.

പദ്ധതിയുടെ ഭാഗമായി വീടുകള്‍ സന്ദര്‍ശിക്കുന്ന വൊളണ്ടിയര്‍മാര്‍ക്കുള്ള പ്രതിഫലവും നിശ്ചയിച്ചിട്ടുണ്ട്. ഒരു വീട്ടില്‍ സന്ദര്‍ശനം നടത്തുന്നതിന് ഒരാള്‍ക്ക് 7.50 രൂപ നല്‍കും. രണ്ടു പേര്‍ ഒരുമിച്ചാണെങ്കില്‍ പത്തു രൂപയാണു നിശ്ചയിച്ചിരിക്കുന്നത്. വീടു കയറുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു പണം നല്‍കാനും സര്‍ക്കാര്‍ ചെലവില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനുള്ള തന്ത്രമാണിതെന്നു പ്രതിപക്ഷം ആരോപിച്ചിരുന്നു. വികസന നിര്‍ദേശങ്ങളും ആശയങ്ങളും ലഭ്യമാക്കാനും ക്ഷേമപദ്ധതികള്‍ സംബന്ധിച്ച അഭിപ്രായം തേടാനുമാണ് സര്‍വേ എന്നാണ് സര്‍ക്കാരിന്റെ വാദം.

Share This Post
Exit mobile version