Press Club Vartha

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവും കൗണ്‍സിലറുമായ ആര്‍.ശ്രീലേഖ ഹൈക്കോടതിയൈ സമീപിച്ചു. അതിജീവിതമാരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും കേസ് നിലനില്‍ക്കില്ലെന്നും ശ്രീലേഖ കോടതിയില്‍ വാദിച്ചു. സ്വന്തം യുട്യൂബ് ചാനലിലൂടെ അതിജീവിതമാരുടെ വെളിപ്പെടുത്തല്‍ വെളിപ്പെടുത്തിയെന്നാണ് കേസ്. ശ്രീലേഖയുടെ ഹര്‍ജിയില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസിനോട് കോടതി റിപ്പോര്‍ട്ട് തേടി.

സിവില്‍ റൈറ്റ്‌സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് സൊസൈറ്റി എന്ന പൗരാവകാശ സംഘടനയുടെ പ്രവര്‍ത്തകനായ ആര്‍.ജയചന്ദ്രന്‍ നല്‍കിയ പരാതിയില്‍ മ്യൂസിയം പൊലീസാണു ശ്രീലേഖയ്‌ക്കെതിരെ കേസെടുത്തത്. നിയമത്തെക്കുറിച്ചു വ്യക്തമായി അറിവുള്ളയാള്‍ പോക്‌സോ കേസിലെ അതിജീവിതമാരുടെ പേരുവിവരങ്ങളടക്കം സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തുന്നതും അവരെ അവഹേളിക്കുന്നതും ഗുരുതരമായ കുറ്റമാണെന്നായിരുന്നു പരാതി. തുടര്‍ന്ന് ഇതില്‍ അന്വേഷണം നടത്താന്‍ മജിസ്‌ട്രേറ്റ് കോടതി പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. മ്യൂസിയം പൊലീസ് പോക്‌സോ വകുപ്പുകള്‍ ചുമത്തി ശ്രീലേഖയ്‌ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ പേര് യുട്യൂബ് ചാനലിലൂടെ മുന്‍പ് സംപ്രേക്ഷണം ചെയ്ത വിഡിയോയില്‍ വെളിപ്പെടുത്തിയെന്നും മറ്റൊരു വിഡിയോയില്‍ കിളിരൂര്‍, കവിയൂര്‍ പീഡനക്കേസുകളിലെ കൊല്ലപ്പെട്ട ഇരകളുടെ പേരും അവരുടെ മാതാപിതാക്കളുടെ വിവരങ്ങളും പറയുന്നുവെന്നുമാണു പരാതിയില്‍ പറയുന്നത്. എന്നാല്‍ താന്‍ ബ്ലോഗിലൂടെയോ വ്‌ലോഗിലൂടെയോ ബലാത്സംഗത്തിന് ഇരകളായ അതിജീവിതമാരുടെ പേര് വെളിപ്പെടുത്തിയിട്ടില്ലെന്നു ശ്രീലേഖ ഹര്‍ജിയില്‍ പറയുന്നു. ആരോപിക്കപ്പെടുന്ന വ്‌ലോഗും ബ്ലോഗും പ്രായപൂര്‍ത്തിയാകാത്ത ഇരകളെക്കുറിച്ചല്ലെന്നും അതിനാല്‍ പോക്‌സോ കേസ് നിലനില്‍ക്കില്ലെന്നും ഹര്‍ജിയിലുണ്ട്.

Share This Post
Exit mobile version