Press Club Vartha

തിരുവനന്തപുരം നഗരത്തില്‍ അനധികൃ പാര്‍ക്കിംഗ് കൊള്ള വ്യാപകം; നടപടിയെന്ന് മേയര്‍; നിമിത്തമായത് ആറ്റുകാല്‍ പൊങ്കാല

തിരുവനന്തപുരം: നഗരത്തില്‍ അനധികൃത പാര്‍ക്കിംഗിന്റെ മറവില്‍ വ്യാപക കൊള്ള നടക്കുന്നതായി മേയര്‍ വി.വി രാജേഷ്. അനധികൃത പാര്‍ക്കിംഗിനെ ചൊല്ലി നിരവധി പരാതികള്‍ ലഭിക്കുന്നതായി മേയര്‍ പറഞ്ഞു. ഐരാണിമുട്ടത്തും എസ്.എം.വി സ്‌കൂള്‍ വളപ്പിലും മേയര്‍ വി.വി. രാജേഷ് നേരിട്ടെത്തി നടപടി സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്. ഈഞ്ചയ്ക്കല്‍ പ്രദേശത്തും സമാനമായ പ്രശ്‌നമുണ്ടെന്ന് ഡെപ്യൂട്ടി മേയര്‍ ആശാനാഥിന് ഫോണിലൂടെ പരാതി ലഭിച്ചതായും ഇത്തരം കേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും നടത്തിപ്പുകാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നും മേയര്‍ പറഞ്ഞു.

ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ പുറത്തുവന്ന അനധികൃത പാര്‍ക്കിംഗ് പരാതിക്കു പിന്നാലെയാണ് നഗരത്തില്‍ വ്യാപക പരിശോധനയ്ക്ക് കളമൊരുങ്ങുന്നത്. ഗാന്ധിപാര്‍ക്കില്‍ നിലവില്‍ നടക്കുന്ന പിരിവ് അനധികൃതമാണെന്നും, നിലവില്‍ പിരിക്കുന്ന കരാറുകാരന് അതിനുള്ള അധികാരമില്ലെന്നും മേയര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ആറ്റുകാല്‍ പൊങ്കാലയ്‌ക്കെത്തിയ ബസുകളില്‍ നിന്ന് 750 രൂപ ഗാന്ധിപാര്‍ക്കില്‍ ഫീസ് വാങ്ങിയെന്ന് രസീത് സഹിതം മേയര്‍ വ്യക്തമാക്കി.

കോര്‍പ്പറേഷന്‍ ഉടമസ്ഥതയിലുള്ള ഗാന്ധി പാര്‍ക്കില്‍ മണക്കാട് സ്വദേശി രാധാകൃഷ്ണനാണ് പാര്‍ക്കിംഗ് കരാര്‍ കൊടുത്തിരുന്നത്. കരാറുകള്‍ കൃത്യമായിട്ട് പാലിക്കാത്തതിനാല്‍ കോര്‍പ്പറേഷന്റെ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി 2023ല്‍ അദ്ദേഹത്തിന് നോട്ടീസ് കൊടുത്തു.കരാറിന്റെ മൂന്നാമത്തെ ഗഡു കോര്‍പ്പറേഷനില്‍ അടയ്ക്കാത്തതിനാല്‍ 2023ല്‍ ഇയാളുടെ കരാര്‍ റദ്ദാകുകയും ചെയ്തു. പിന്നെയും അതേ വ്യക്തിയും അദ്ദേഹത്തിന്റെ ജോലിക്കാരുമാണ് ഇപ്പോഴും അവിടെ പണം പിരിക്കുന്നത്. കഴിഞ്ഞദിവസം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഇയാള്‍ക്കെതിരെ കേസെടുക്കണമെന്നും, ഇയാളെ ഗാന്ധിപാര്‍ക്കില്‍ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതായി മേയര്‍ പറഞ്ഞു.

Share This Post
Exit mobile version