
തൃശ്ശൂര്‍: സിപിഐ നേതാവും നാട്ടിക എംഎല്‍എയുമായ സി.സി മുകുന്ദനെ പാര്‍ട്ടി പുറത്താക്കി. പേയ്‌മെന്റ് സീറ്റ് ആരോപണത്തിനു പിന്നാലെയാണ് നടപടി. സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റി തന്നെയാണ് വാര്‍ത്താ കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിലാണ് പുറത്താക്കിയതെന്നാണ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. നിരന്തരം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി പാര്‍ട്ടി അച്ചടക്കം ലംഘിക്കുകയാണ് മുകുന്ദനെന്നാണ് പാര്‍ട്ടിയുടെ ആരോപണം.
അച്ചടക്ക ലംഘനത്തിന്റെ പേരില്‍ പലകുറി അച്ചടക്ക നടപടി സ്വീകരിക്കുകയും തെറ്റ് തിരുത്താന്‍ അവസരം നല്‍കുകയും പാര്‍ട്ടി തന്നെ അതിന് ശ്രമിച്ചതുമാണ്. വീണ്ടും അച്ചടക്ക ലംഘനം തുടര്‍ന്നതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. അച്ചടക്ക നടപടിയുടെ ഭാഗമായി കഴിഞ്ഞ പാര്‍ട്ടി സമ്മേളനകാലത്ത് ജില്ലാ എക്സിക്യുട്ടീവില്‍ നിന്ന് മാറ്റിനിര്‍ത്തിയതിനെ തുടര്‍ന്ന് നാട്ടിക മണ്ഡലം കമ്മിറ്റിയംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു മുകുന്ദനെന്നും കുറിപ്പില്‍ പറയുന്നു.
സംസ്ഥാന എക്സിക്യുട്ടീവ് തീരുമാനം വന്നതിന് ശേഷവും പാര്‍ട്ടിക്കെതിരെ ഗുരുതരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളാണ് സി.സി മുകുന്ദന്‍ പൊതുസമൂഹത്തിനു മുമ്പാകെ ഉന്നയിച്ചിരിക്കുന്നതെന്നും പാര്‍ട്ടി വിലയിരുത്തി. കൂടാതെ, കോണ്‍ഗ്രസ് നേതൃത്വവുമായി അങ്ങോട്ട് ബന്ധപ്പെട്ട് യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന പരസ്യനിലപാട് സ്വീകരിച്ച സാഹചര്യത്തില്‍ പാര്‍ട്ടി ഭരണഘടന അനുസരിച്ചുള്ള അച്ചടക്കനടപടി എന്ന നിലയില്‍ മുകുന്ദനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരിക്കുന്നുവെന്നും നടപടി പാര്‍ട്ടിയുടെ തൃശൂര്‍ ജില്ലാ കൗണ്‍സിലിന്റെ അംഗീകാരത്തോടെയാണെ ന്നും പാര്‍ട്ടി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നുണ്ട്.
നാട്ടികയിലേത് പേയ്മെന്റ് സീറ്റ് എന്ന ആരോപണം ഉണ്ടാക്കിയ കോലാഹലങ്ങള്‍ക്ക് പിന്നാലെയാണ് സിപിഐ മുകുന്ദനെ പുറത്താക്കിയത്. മുന്‍ എംഎല്‍എയായ ഗീത ഗോപിയാണ് നാട്ടികയില്‍ ഇത്തവണ സിപിഐയുടെ സ്ഥാനാര്‍ത്ഥി. സാമ്പത്തിക സ്വാധീനമാണ് ഗീതാ ഗോപിക്ക് സീറ്റ് നല്‍കിയതിന് കാരണമെന്നും പാര്‍ട്ടിക്ക് പണം പിരിച്ചു നല്‍കാന്‍ കഴിവില്ലാത്തതുകൊണ്ടാണ് തന്നെ തഴഞ്ഞതെന്നും സി സി മുകുന്ദന്‍ ആരോപിച്ചിരുന്നു. പിന്നാലെ നാട്ടികയില്‍ താന്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും മുകുന്ദന്‍ പറഞ്ഞിരുന്നു.