Press Club Vartha

വരുന്നു അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം മംഗലപുരത്ത്; ഉദ്ഘാടനം 16-ന് മുഖ്യമന്ത്രി നിർവഹിക്കും

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഉടമസ്ഥതയിൽ തിരുവനന്തപുരം മംഗലപുരം മുല്ലശ്ശേരിയിൽ നിർമ്മിച്ച അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ മാർച്ച് 16-ന് വൈകിട്ട് ആറുമണിക്ക് നിർവഹിക്കും. പത്തേക്കർ ഭൂമിയിൽ 45 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഈ സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള ക്രിക്കറ്റ് ഗ്രൗണ്ട്, പവലിയൻ സമുച്ചയം, അത്യാധുനിക ഫ്ലഡ്‌ലൈറ്റ് സംവിധാനം എന്നിവയുൾപ്പെടെ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇത്തരം സൗകര്യങ്ങളുള്ള കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ് സ്റ്റേഡിയമാണിത്.​രാത്രികാല മത്സരങ്ങൾക്കായി സജ്ജീകരിച്ചിട്ടുള്ള അത്യാധുനിക എൽ.ഇ.ഡി ഫ്ലഡ്‌ലൈറ്റ് സംവിധാനത്തിന്റെ സ്വിച്ച് ഓൺ കർമ്മം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കും. രാജ്യത്തെ പ്രമുഖ സ്റ്റേഡിയങ്ങളിൽ ഫ്ലഡ്‌ലൈറ്റ് ഒരുക്കിയിട്ടുള്ള സിഗ്നിഫൈ (ഫിലിപ്സ്) ആണ് ഇതിന്റെ നിർമ്മാണ കമ്പനി. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മെർക്കുറി ഇലക്ട്രിക്കൽ കോർപറേഷൻ ആണ് ഫ്ലഡ് ലൈറ്റ് കോൺട്രാക്ടർ.ബി.സി.സി.ഐയുടെ ലൈറ്റിങ് കൺസൾട്ടന്റായ ലൈറ്റിങ് എൻവിറോൺമെന്റ് ഡിസൈൻസിന്റെ മേൽനോട്ടത്തിലാണ് ഫ്ലഡ്‌ലൈറ്റ് സംവിധാനം പൂർത്തിയാക്കിയത്.പ്രമുഖ ആർക്കിടെക്ട് ഷിബു അബൂസലിയാണ് സ്റ്റേഡിയം ഡിസൈൻ ചെയ്തിരിക്കുന്നത്.​

രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി ആരംഭിക്കുന്ന കെ.സി.എ സ്റ്റേറ്റ് അക്കാദമിയുടെ നിർമ്മാണോദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. മഴയത്തും രാത്രിയിലും തടസ്സമില്ലാതെ പരിശീലനം നടത്താൻ കഴിയുന്ന ഇൻഡോർ ക്രിക്കറ്റ് പരിശീലന കേന്ദ്രത്തിന്റെ നിർമ്മാണോദ്ഘാടനം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. കെ.സി.എ പ്രസിഡൻ്റ് അഡ്വ. ശ്രീജിത്ത്‌ വി. നായർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം.എൽ.എമാരായ വി. ശശി, കടകംപള്ളി സുരേന്ദ്രൻ, മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീചന്ദ് എസ്, പഞ്ചായത്ത് അംഗം ​ജീന ബാബു, കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാർ, മറ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.

​കേരളത്തിലെ എല്ലാ ജില്ലകളിലും മംഗലപുരം മാതൃകയിൽ സ്റ്റേഡിയങ്ങൾ നിർമ്മിക്കുമെന്ന് കെ.സി.എ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി. നായർ പറഞ്ഞു. കായിക പ്രതിഭകളെ കണ്ടെത്തുന്നതിനും അവർക്ക് ലോകോത്തര നിലവാരത്തിലുള്ള ശാസ്ത്രീയ പരിശീലനം ഉറപ്പാക്കുന്നതിനും പുതിയ ഗ്രൗണ്ടും അക്കാദമിയും ഇൻഡോർ സൗകര്യങ്ങളും വലിയ പങ്കുവഹിക്കുമെന്ന് കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാർ വ്യക്തമാക്കി.

Share This Post
Exit mobile version