Press Club Vartha

കളം പിടിച്ച് അപരന്‍മാരും; പിണറായി മുതല്‍ സണ്ണി ജോസഫിന് വരെ അപരന്‍മാര്‍; അന്‍വറിന് നാലെണ്ണം; തലവേദനയാകുമോ അപരക്കൂട്ടം

തിരുവനന്തപുരം: നാമനിര്‍ദേശ പത്രികാ സമര്‍പണത്തിനുള്ള സമയപരിധി അവസാനിച്ചതോടെ തെളിയുന്നത് അപരന്‍മാരുടെ ചിത്രം കൂടിയാണ്. കേരളത്തിലെ സ്റ്റാര്‍ കാന്‍ഡിഡേറ്റുകള്‍ക്കെല്ലാം അപര ഭീഷണിയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ മുതല്‍ കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫിനു വരെ അപരന്‍മാരുടെ ഭീഷണിയുണ്ട്. പേരാവൂരില്‍ സണ്ണി ജോസഫിനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ഷൈലജ ടീച്ചര്‍ക്കും രണ്ടുപേര്‍ വീതമാണ് അപരന്‍മാര്‍. കേരളത്തില്‍ തന്നെ ഏറ്റവുമധികം അപരന്‍മാരുള്ളത് ഒരുപക്ഷേ ബേപ്പൂരില്‍ മത്സരിക്കുന്ന പി.വി അന്‍വറിനായിരിക്കും. നാലുപേരാണ് അന്‍വറിനെതിരെ അപരന്‍മാരായി പത്രിക നല്‍കിയിട്ടുള്ളത്.

ധര്‍മടം മണ്ഡലത്തില്‍ എ.എം വിജയന്‍ എന്നയാളാണ് പിണറായിക്കെതിരെ അപരനായി പത്രിക നല്‍കിയിട്ടുള്ളത്. കെ.കെ ഷൈലജയ്ക്ക്, സി ശൈലജയും എ.വി ശൈലജയുമാണ് അപര സ്ഥാനാര്‍ത്ഥികള്‍. സണ്ണി ജോസഫിനെതിരെ എറണാകുളം വരാപ്പുഴ സ്വദേശി സണ്ണി ജോസഫ്, സണ്ണി എന്നിവര്‍ പത്രിക നല്‍കിയിട്ടുണ്ട്. പി വി അന്‍വറിനെതിരെ നാല് അപരന്മാരും മത്സരിക്കുന്നു. അന്‍വര്‍ സണ്‍ ഓഫ് സുലേഖ, അന്‍വര്‍ സണ്‍ ഓഫ് മൊയ്തീന്‍കുട്ടി, അന്‍വര്‍ അലി, അന്‍വര്‍ എന്നിവരാണ് അന്‍വറിനെതിരെ മത്സരിക്കുന്നത്. പി.എ മുഹമ്മദ് റിയാസിനെതിരെ മുഹമ്മദ് റിയാസ് പി സി, മുഹമ്മദ് റിയാസ് പി ടി സണ്‍ ഓഫ് അലവി എന്നിവര്‍ പത്രിക നല്‍കിയിട്ടുണ്ട്. ബേപ്പൂരിലെ അപരന്‍മാരുടെ എണ്ണം ആറാണ്.

അരുവിക്കരയിലെ യുഡിഎഫ്, എല്‍ഡിഫ് സ്ഥാനാര്‍ത്ഥികള്‍ക്കും അപരന്മാരുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് ശിവകുമാറിന് ശിവകുമാര്‍ എന്ന പേരില്‍ രണ്ടുപേര്‍ പത്രിക നല്‍കിയിട്ടുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജി സ്റ്റീഫന്റെ അപരന്റെ പേര് സ്റ്റീഫന്‍ എന്ന് തന്നെയാണ്. തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി.പി ജോണിന് എസ്.ജോണ്‍ ആണ് അപരന്‍. തിരൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ വി അബ്ദുറഹ്‌മാനുമുണ്ട് രണ്ട് അപരന്മാര്‍. കെ അബ്ദുറഹ്‌മാനും അബ്ദുറഹ്‌മാന്‍ വിയും. അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിപിഐഎം വിട്ട നേതാവുമായ ജി.സുധാകരനെതിരെ പാതിരപ്പള്ളി സ്വദേശി സുധാകരനും പത്രിക നല്‍കി.

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എകെഎം അഷ്‌റഫിനും രണ്ട് അപരന്മാരുണ്ട്. സ്വതന്ത്രന്മാരായ ധര്‍മ്മത്തടുക്ക സ്വദേശി മുഹമ്മദ് അഷ്‌റഫ്, കീഴൂര്‍ സ്വദേശി മുഹമ്മദ് അഷ്‌റഫ് കെ എ എന്നിവരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്തിനെതിരെ അപരനായ കെ പ്രശാന്ത് മത്സരിക്കുന്നു. ഒറ്റപ്പാലത്തും യുഡിഎഫിനും എല്‍ഡിഎഫിനും അപരന്മാരുണ്ട്. ഒറ്റപ്പാലത്ത് യുഡിഎഫ് സ്വതന്ത്രന്‍ പി കെ ശശിക്ക് പി കെ ശശി എന്ന പേരില്‍ തന്നെയാണ് അപരനുള്ളത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ പ്രേംകുമാറിന് കെ പ്രേമദാസനാണ് അപരന്‍.

Share This Post
Exit mobile version