
തിരുവനന്തപുരം: ഏപ്രില്‍ ഒന്‍പതിന് നടക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയ സ്ഥാനാര്‍ത്ഥികളുടെ എണ്ണം 2021ലേതിനേക്കാള്‍ വര്‍ധിച്ചു. നാമനിര്‍ദേശ പത്രികാ സമര്‍പണത്തിനുള്ള സമയപരിധി അവസാനിക്കുമ്പോള്‍ കേരളത്തിലെ 140 മണ്ഡലങ്ങളിലുമായി പത്രിക നല്‍കിയത് 1,202 പേരാണ്. 2021-ല്‍ 957 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഡമ്മി സ്ഥാനാര്‍ത്ഥികള്‍ ഉള്‍പടെയുള്ള കണക്കാണിത്. ആകെ സമര്‍പിക്കപ്പെട്ട പത്രികകളുടെ എണ്ണം 2,039 ആണ്.
മാര്‍ച്ച് 26നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി. ഡമ്മി സ്ഥാനാര്‍ത്ഥികള്‍ അടക്കമാണ് 1,202 സ്ഥാനാര്‍ത്ഥികള്‍ എന്നതിനാല്‍ പത്രിക പിന്‍വലിക്കാനുള്ള മാര്‍ച്ച് 26നു ശേഷം അന്തിമ സ്ഥാനാര്‍ത്ഥി കണക്കില്‍ വ്യത്യാസം വരും. ഓരോരുത്തരും ഒന്നലിധകം സെറ്റ് നാമനിര്‍ദേശ പത്രികകളും നല്‍കിയതിനാലാണ് പത്രികകളുടെ എണ്ണം ഇരട്ടിയായത്. ചൊവ്വാഴ്ചയാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന.
സൂക്ഷ്മപരിശോധനയ്ക്കും പത്രിക പിന്‍വലിക്കാനുള്ള അവസാന അവസരത്തിനും ശേഷമാണ് സംസ്ഥാനത്തെ മത്സരചിത്രം തെളിയുക. നിലവില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളുള്ളത് കോഴിക്കോട് ജില്ലയിലാണ്. ജില്ലയിലെ 13 മണ്ഡലങ്ങളിലായി 141 സ്ഥാനാര്‍ഥികളാണ് പത്രിക സമര്‍പ്പിച്ചത്. ഏറ്റവും കുറവ് വയനാട്ടിലും.
പോളിങ് ഉദ്യോഗസ്ഥരില്‍ പ്രിസൈഡിങ് ഓഫിസര്‍മാര്‍, ഫസ്റ്റ് പോളിങ് ഓഫിസര്‍ എന്നിവര്‍ക്കുള്ള ആദ്യഘട്ട പരിശീലനം ചൊവ്വാഴ്ച മുതല്‍ 29 വരെ നടക്കും. പരിശീലന കേന്ദ്രങ്ങളില്‍ ഇവര്‍ക്കുള്ള തപാല്‍ ബാലറ്റ് ഫോം സമര്‍പ്പിക്കാനും ക്രമീകരണം ഏര്‍പ്പെടുത്തും. രണ്ടാംഘട്ട പരിശീലനം നടക്കുന്ന കേന്ദ്രത്തില്‍ വോട്ടു രേഖപ്പെടുത്താനുള്ള വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററും ക്രമീകരിക്കും.