Press Club Vartha

മതാചാരം സംരക്ഷിക്കപ്പെടണം; സുപ്രീംകോടതിയില്‍ വാദവുമായി ദേവസ്വം ബോര്‍ഡ്; ശബരിമലയില്‍ ലിംഗ വിവേചനമില്ല

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ നിലപാടറിയിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ സ്വഭാവം മതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അനിവാര്യമായ മതാചാരം സംരക്ഷിക്കപ്പെടണമെന്നുമാണ് ദേവസ്വം ബോര്‍ഡ് സ്വീകരിച്ചിരിക്കുന്ന നിലപാട്. രേഖാമൂലം എഴുതി നല്‍കുകയാണുണ്ടായത്. മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്വി എഴുതി തയ്യാറാക്കിയ വാദം ദേവസ്വം ബോര്‍ഡ് സ്റ്റാന്‍ഡിങ് കോണ്‍സല്‍ പി.എസ് സുധീര്‍ ആണ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്.

ശബരിമല ഒരു പ്രത്യേക മതവിഭാഗത്തിന്റെ ക്ഷേത്രമാണ്. പ്രത്യേക മത വിഭാഗങ്ങളെക്കുറിച്ച് വിവിധ സുപ്രീംകോടതി വിധികളില്‍ വിശദീകരിക്കുന്നുണ്ടെന്നുമാണ് ബോര്‍ഡിന്റെ വാദം. മതപരമായ ആചാരങ്ങളും വിശ്വാസവും തീരുമാനിക്കാന്‍ ബോര്‍ഡിന് സ്വയംഭരണാധികാരമുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. മുന്‍കാല വിധിന്യായങ്ങള്‍ പരിശോധിച്ചാല്‍ ശബരിമല പ്രത്യേക മതവിഭാഗ ക്ഷേത്രം ആണെന്ന് വ്യക്തമാകുമെന്നും ബോര്‍ഡ് ചതൂണ്ടിക്കാട്ടുന്നു.

ശബരിമലയില്‍ ലിംഗ വിവേചനമില്ലെന്നും പ്രായപരിധിയിലുള്ള വിലക്ക് മാത്രമേയുള്ളൂവെന്നുമാണ് വാദത്തില്‍ പറയുന്നത്. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും സ്വന്തമായി തീരുമാനമെടുക്കാന്‍ അധികാരമുണ്ട്. മതസ്വാതന്ത്ര്യം ആചാരങ്ങളെ ഹനിക്കുന്ന തരത്തിലാകരുത്. വിശ്വാസ കാര്യങ്ങളില്‍ ഇടപെടുന്നതിന് കോടതിക്ക് പരിമിതിയുണ്ട്. കോടതിക്ക് പുറത്തുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച് വിധി പറയരുത്. കോടതി പിന്തുടരുന്ന അനിവാര്യ മതാചാര പരിശോധന ഒഴിവാക്കണമെന്നും വാദത്തിലൂടെ േേബാര്‍ഡ് ചൂണ്ടിക്കാട്ടുന്നു.

Share This Post
Exit mobile version