Press Club Vartha

കൂടുതല്‍ മണ്ഡലങ്ങളില്‍ സിപിഎം-ബിജെപി ഡീല്‍; ആരോപണവുമായി വി.ഡി സതീശന്‍; കൂടുതല്‍ പറയിപ്പിക്കരുത്

തിരുവനന്തപുരം: കേരളത്തിലുടനീളം ഒന്നിലധികം മണ്ഡലങ്ങളില്‍ സിപിഐഎമ്മും ബിജെപിയും ഡീല്‍ ഉറപ്പിച്ചിരിക്കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്ത്. പാലക്കാടിനു പുറമേ, റാന്നിയിലും കോന്നിയിലും കാസര്‍ഗോഡും മഞ്ചേശ്വരത്തും ഡീല്‍ ഉണ്ട്. കൂടുതലൊന്നും പറയിപ്പിക്കരുതെന്നും സതീശന്‍ വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെ.സുരേന്ദ്രന്‍ 32,000 വോട്ട് പിടിച്ച കോന്നി മണ്ഡലം ബിജെപി ഇക്കുറി ബിഡിജെഎസിന് കൊടുത്തു. ശബരിമല സ്ഥിതി ചെയ്യുന്ന റാന്നി ട്വന്റി-20ക്കാണ് കൊടുത്തത്. ഇങ്ങനെ ജയസാധ്യതയില്ലാത്ത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാണ് ഡീല്‍ ഉറപ്പിച്ചിരിക്കുന്നത്. പാലക്കാട്ട് സിപിഐഎം സ്ഥാനാര്‍ത്ഥി നിര്‍ണയവും ഡീലിന്റെ ഭാഗമാണെന്നും സതീശന്‍ ആരോപിച്ചു.

കാസര്‍ഗോഡും മഞ്ചേശ്വരത്തും സിപിഐഎം-ബിജെപി ധാരണയാണ്. ഈ ഡീല്‍ കോണ്‍ഗ്രസ് പൊളിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൂരം കലക്കി തൃശൂര്‍ സീറ്റ് ബിജെപിക്ക് നല്‍കിയതിനു സമാനമായ ഡീലാണിത്. ആര്‍എസ്എസ് നേതാക്കളുമായി ഡീലിനെ കുറിച്ച് മസ്‌കറ്റ് ഹോട്ടലില്‍ ചര്‍ച്ച നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും കോ-ലീ-ബി സഖ്യം ഞങ്ങളെ പഠിപ്പിക്കേണ്ടെന്നും ബിജെപി ഡീലാണ് മുഖ്യമന്ത്രിയുടെ ചരിത്രമെന്നും ഇത് പൊളിക്കുമെന്നും സതീശന്‍ പറഞ്ഞു.

തൃശൂരില്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ വി എസ് സുനില്‍ കുമാറിന് ലഭിച്ചിരുന്നു. വിജയസാധ്യത കൂടുതലുള്ള സ്ഥാനാര്‍ത്ഥി എന്ന നിലയിലാണ് ന്യൂനപക്ഷ വോട്ടുകള്‍ അടക്കം പോയത്. എന്നിട്ടും സുനില്‍ കുമാറിന് സിപിഐഎം വോട്ടുകള്‍ കിട്ടിയില്ല. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ ഇ ഡി അന്വേഷണത്തിന്റെ മറവില്‍ നടന്നത് തൃശൂര്‍ സീറ്റിനുള്ള ഡീല്‍ ആണെന്നും വി ഡി സതീശന്‍ ആരോപിച്ചു. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് രാഷ്ട്രീയ പശ്ചാത്തലമില്ലെന്ന വിമര്‍ശനത്തിലും വി ഡി സതീശന്‍ മറുപടി നല്‍കി. കൊല്ലത്ത് മത്സരിക്കുമ്പോള്‍ മുകേഷ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നല്ലോ എന്നായിരുന്നു വി ഡി സതീശന്റെ പരിഹാസം.

Share This Post
Exit mobile version