
തിരുവനന്തപുരം, മാർച്ച് 24, 2026: കൊല്ലം സ്വദേശിയായ പത്തു വയസ്സുകാരി ദിയയ്ക്ക് പുനർജന്മമേകി തിരുവനന്തപുരം കിംസ്ഹെൽത്തിൽ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. തെക്കൻ കേരളത്തിലെ സ്വകാര്യ ആരോഗ്യ മേഖലയിൽ നടക്കുന്ന ആദ്യ ഹൃദയ മാറ്റിവെക്കൽ ശസ്ത്രക്രിയ കൂടിയാണിത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി അവയവമാറ്റ ശസ്ത്രക്രിയാ രംഗത്ത് കിംസ്ഹെൽത്ത് എന്നും മുൻപന്തിയിലുണ്ട്. ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതിലൂടെ മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണെന്ന് കിംസ്‌ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു. മികവാർന്ന രീതിയിൽ ഈ ട്രാൻസ്‌പ്ലാന്റ് പ്രോഗ്രാം മുന്നോട്ട് കൊണ്ടുപോകുന്നതിലൂടെ കൂടുതൽ രോഗികൾക്ക് പുതുജീവൻ നൽകാനും അവർക്ക് പ്രത്യാശയാകാനും കിംസ്ഹെൽത്ത് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൃദയത്തിന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് രക്തം പമ്പ് ചെയ്യാൻ കഴിയാത്തതും ശ്വാസകോശത്തിൽ ഉയർന്ന സമ്മർദ്ദമുണ്ടാക്കുന്നതുമായ അപൂർവവും ഗുരുതരവുമായ റിസ്ട്രിക്ടീവ് കാർഡിയോമയോപതി എന്ന അവസ്ഥയോടെയാണ് ദിയ ജനിച്ചത്. “രോഗാവസ്ഥ വഷളായതിനെത്തുടർന്ന് ദിയയുടെ ബാല്യം ആശുപത്രിവാസങ്ങൾ നിറഞ്ഞതായിരുന്നു. ഈ സാഹചര്യത്തിലാണ് ദിയയെ മറ്റൊരു ആശുപത്രിയിൽ നിന്ന് കിംസ്ഹെൽത്തിലേക്ക് റഫർ ചെയ്യുന്നത്. വിദഗ്ധ പരിശോധനയിൽ ഹൃദയമാറ്റ ശസ്ത്രക്രിയ മാത്രമാണ് ഏക പോംവഴിയെന്ന് കണ്ടെത്തി. ശ്വാസകോശത്തിലെ ഉയർന്ന സമ്മർദ്ദം കണക്കിലെടുത്ത്, അധിക സമ്മർദ്ദത്തെ അതിജീവിക്കാൻ ശേഷിയുള്ള കരുത്തുറ്റ ഒരു ഹൃദയമാണ് ദിയയ്ക്ക് ആവശ്യമായിരുന്നത്. ഒരപകടത്തെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം സ്വദേശിയായ 36 വയസ്സുകാരന്റെ അവയവദാനത്തിലൂടെയാണ് ദിയയ്ക്ക് ഈ പുതുജീവൻ ലഭിച്ചത്. ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ പീഡിയാട്രിക് കാർഡിയാക് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റും കാർഡിയാക് ട്രാൻസ്‌പ്ലാന്റ് വിഭാഗം ലീഡ് സർജനുമായ ഡോ. സൗമ്യ രമണൻ പറഞ്ഞു.”
മൂന്നര മണിക്കൂർ നീണ്ടുനിന്ന സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ടാഴ്ചയോളം ദിയ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലായിരുന്നു. ആരോഗ്യനിലയിൽ ദ്രുതഗതിയിലുള്ള പുരോഗതിയാണ് പിന്നീട് കാണാൻ സാധിച്ചത്. ശസ്ത്രക്രിയ വിജയകരമായതോടെ, അതിജീവനത്തിന്റെ കരുത്തുമായി ആ പുതിയ ഹൃദയം മിടിക്കുമ്പോൾ ശരീരത്തിലുടനീളം ആരോഗ്യകരമായ രക്തയോട്ടം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തു. ആശുപത്രിയിൽ നിന്നും മടങ്ങുന്ന ദിയ, വായനയും ചിത്രരചനയുമായി തന്റെ കൊച്ചു സന്തോഷങ്ങളിലേക്ക് നിറഞ്ഞ ഊർജ്ജത്തോടെ മടങ്ങിക്കഴിഞ്ഞു.
വാർത്താസമ്മേളനത്തിൽ കിംസ്ഹെൽത്ത് സഹസ്ഥാപകൻ ഇ.എം. നജീബ്, മൾട്ടി ഓർഗൻ ട്രാൻസ്പ്ലാന്റ് ഡയറക്ടർ ഡോ. പ്രവീൺ മുരളീധരൻ, ഹാർട്ട് ട്രാൻസ്പ്ലാന്റ് വിഭാഗം സീനിയർ കൺസൾട്ടന്റും കാർഡിയോതൊറാസിക് ആൻഡ് വാസ്കുലർ സർജറി വിഭാഗം മേധാവിയുമായ ഡോ. ഷാജി പാലങ്ങാടൻ എന്നിവരും പങ്കെടുത്തു.
മൾട്ട ഓർഗൻ ട്രാൻസ്പ്ലാന്റ് ഡയറക്ടർ ഡോ. പ്രവീൺ മുരളീധരൻ, ഹാർട്ട് ട്രാൻസ്പ്ലാന്റ് വിഭാഗം സീനിയർ കൺസൾട്ടന്റും കാർഡിയോതൊറാസിക് ആൻഡ് വാസ്കുലർ സർജറി വിഭാഗം മേധാവിയുമായ ഡോ. ഷാജി പാലങ്ങാടൻ, കാർഡിയോതൊറാസിക് ആൻഡ് വാസ്കുലർ സർജറി വിഭാഗം കൺസൾട്ടന്റ് ഡോ. അതുൽ എബ്രഹാം, കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. അനീസ് താജുദ്ദീൻ, കൺസൾട്ടന്റ് ഡോ. ശ്യാം ശശിധരൻ, പീഡിയാട്രിക് കാർഡിയോളജി വിഭാഗം അസ്സോസിയേറ്റ് കൺസൾട്ടന്റ് ഡോ. അരുൺ വി, കാർഡിയാക് അനസ്തീഷ്യ വിഭാഗം കൺസൾട്ടന്റ് ഡോ. സുബാഷ് എസ്, അസ്സോസിയേറ്റ് കൺസൾട്ടന്റ് ഡോ. കീർത്തി നാഥ് എസ്, പീഡിയാട്രിക് വിഭാഗത്തിലെ കൺസൾട്ടന്റും ചീഫ് ഇൻറൻസിവിസ്റ്റുമായ ഡോ. ഷിജ കുമാർ സി, പീഡിയാട്രിക്സ് വിഭാഗം അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. ദിവാകർ ജോസ് ആർ.ആർ., എന്നിവരും ദിയയുടെ ഹൃദയ മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ ഭാഗമായി.
