Press Club Vartha

സഭാ തര്‍ക്കം; പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; നടപടി കടുത്ത വിമര്‍ശനത്തെ തുടര്‍ന്ന്

കൊച്ചി: ഓര്‍ത്തഡോക്സ് – യാക്കോബായ സഭാ തര്‍ക്കം നിലനില്‍ക്കുന്ന ആറു പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതില്ലെന്ന് കോടതി അറിയിച്ചു. ഇതോടെ ഡിവിഷന്‍ ബെഞ്ച് വിധി അനുസരിച്ച് എറണാകുളം, പാലക്കാട് ജില്ലകളിലെ മൂന്ന് വീതം പള്ളികള്‍ തത്കാലം യാക്കോബായ സഭയുടെ കൈവശം തന്നെ തുടരും. പള്ളികള്‍ ഏറ്റെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. സംസ്ഥാന പൊലീസ് മേധാവി ഉള്‍പ്പടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ജില്ലാ കളക്ടര്‍മാരും കടുത്ത വിമര്‍ശനം ഏല്‍ക്കാനിടയായ സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.

സിവില്‍ ആവശ്യത്തിലൂടെ പൊലീസ് സംരക്ഷണം തേടാനാവില്ലെന്ന് നിരീക്ഷിച്ചാണ് ആറ് പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. ഓരോ പള്ളികളും പ്രത്യേകമായി പരിഗണിക്കപ്പെടണം. ഓരോ പള്ളികളുടെയും ഭരണ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് തീരുമാനമെടുക്കണം. എല്ലാ പള്ളികളിലും ഒരേ സാഹചര്യമെന്ന വാദം ഉന്നയിക്കാനാവില്ല. പള്ളികളുടെ ഭരണ – സ്വത്തവകാശ തര്‍ക്കം സിവില്‍ കേസിലൂടെയാണ് തീര്‍ക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഹൈക്കോടതി നിരീക്ഷിച്ചു.

അനുയോജ്യമായ ഉത്തരവിറക്കാന്‍ ഹൈക്കോടതിക്ക് പ്രത്യേക അധികാരമുണ്ട്. എന്നാല്‍ അധികാരം ഉപയോഗിക്കുമ്പോള്‍ അതിര്‍വരമ്പുകള്‍ പാലിക്കണമെന്നാണ് സിംഗിള്‍ ബെഞ്ചിനെതിരായ ഡിവിഷന്‍ ബെഞ്ചിന്റെ വിമര്‍ശനം. വിധി സര്‍ക്കാരിനും യാക്കോബായ സഭയ്ക്കും ആശ്വാസവും ഓര്‍ത്തഡോക്സ് സഭയ്ക്ക് തിരിച്ചടിയുമാണ്.

Share This Post
Exit mobile version