Press Club Vartha

മുള്ളന്‍പന്നിയെ തല്ലിക്കൊന്ന കേസ്; പഞ്ചായത്ത് പ്രസിഡണ്ട് റിമാന്‍ഡില്‍; വെള്ളനാട് ശശി കീഴടങ്ങിയത് ഇന്ന്.

തിരുവനന്തപുരം: സംരക്ഷിത ജീവി ഇനത്തില്‍പ്പെടുന്ന മുള്ളന്‍പന്നിയെ തല്ലിക്കൊന്ന കേസില്‍ വെള്ളനാട് പഞ്ചായത്ത് പ്രസിഡണ്ട് വെള്ളനാട് ശശിയെ റിമാന്‍ഡ് ചെയ്തു. ഏപ്രില്‍ നാല് വരെയാണ് റിമാന്‍ഡ് കാലാവധി. കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വെള്ളനാട് ശശി ചൊവ്വാഴ്ച വൈകുന്നേരം 3:30 ഓടെ പരുത്തിപ്പള്ളി വനം വകുപ്പ് ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. പിന്നാലെ മൊഴി രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്യുകയായിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ശശിയുടെ കീഴടങ്ങല്‍.

ഫെബ്രുവരി 28നാണ് വെള്ളനാട് പഞ്ചായത്തിലെ ഒരു വീട്ടില്‍ കയറിയ മുള്ളന്‍പന്നിയെ വെള്ളനാട് ശശി ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊന്നത്. എന്നാല്‍ മുള്ളന്‍പന്നിയെ കൊന്നിട്ടില്ലെന്നും ചത്തിട്ടുണ്ടോ എന്ന് നോക്കിതാണെന്നുമായിരുന്നു വെള്ളനാട് ശശി റിപ്പോര്‍ട്ടറിനോട് പറഞ്ഞത്. വണ്ടി കയറി ചത്തുകിടന്ന മുള്ളന്‍പന്നിയാണത്. അതിന് ജീവനുണ്ടോ എന്ന് നോക്കിയതാണെന്നും ശശി പറഞ്ഞിരുന്നു.

വന്യജീവി സംരക്ഷണ നിയമം 1972ലെ ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുന്ന സംരക്ഷിത ജീവിയാണ് മുള്ളന്‍ പന്നി. ഏഴ് വര്‍ഷം വരെ തടവും കുറഞ്ഞത് 25,000 പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. മുള്ളന്‍പന്നി ചത്തത് തലയ്ക്കേറ്റ ക്ഷതം മൂലമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. തലച്ചോറിനും ക്ഷതമേറ്റിരുന്നു. തല പൊട്ടിപിളര്‍ന്ന അവസ്ഥയിലായിരുന്നെന്നും ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചുള്ള അടിയിലാണ് തല പൊട്ടിയതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

Share This Post
Exit mobile version