Press Club Vartha

വി.ശിവന്‍കുട്ടിക്കെതിരെ പെരുമാറ്റച്ചട്ട ലംഘന പരാതി നല്‍കി ബിജെപി; ഔദ്യോഗിക ലെറ്റര്‍ പാഡില്‍ വോട്ട് അഭ്യര്‍ത്ഥിച്ചെന്ന് പരാതി.

തിരുവനന്തപുരം: സര്‍ക്കാരിന്റെ ചിഹ്ന്ം പതിച്ച ഔദ്യോഗിക ലെറ്റര്‍ പാഡ് ഉപയോഗിച്ച് വോട്ട് അഭ്യര്‍ത്ഥിച്ചെന്ന് കാട്ടി നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മന്ത്രി വി.ശിവന്‍കുട്ടിക്കെതിരെ പരാതി. മണ്ഡലം വരണാധികാരിക്കാണ് ബിജെപി പരാതി നല്‍കിയത്. അഭ്യര്‍ത്ഥനയുള്ള കത്തുകള്‍ വീടുകളില്‍ വിതരണം ചെയ്‌തെന്ന് കാട്ടി നേമം മണ്ഡലത്തിലെ ലീഗല്‍ ഇന്‍ചാര്‍ജ് അഡ്വ.സി.ആര്‍ പ്രകാശ് ആണ് പരാതി നല്‍കിയത്. വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്തുന്നതിന് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്നും ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നും പരാതിയില്‍ പറയുന്നു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു പിന്നാലെ കേരളത്തില്‍ തന്നെ ഏറ്റവും ശ്രദ്ദേയമായ മത്സരം നടക്കുന്ന മണ്ഡലമാണ് നേമം. എല്‍ഡിഎഫിനായി വി ശിവന്‍കുട്ടി, കോണ്‍ഗ്രസിനായി കെ എസ് ശബരിനാഥന്‍, ബിജെപിക്കായി രാജീവ് ചന്ദ്രശേഖര്‍ എന്നിവരാണ് പോരാട്ട രംഗത്തുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ ബിജെപിക്ക് നേമം മണ്ഡലത്തില്‍ ഏഴായിരത്തില്‍ അധികം വോട്ടിന്റെ ലീഡുണ്ട്. ഇതാണ് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ തന്നെ നേരിട്ടിറക്കാന്‍ ബിജെപിയെ പ്രേരിപ്പിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുമെന്ന് കണക്കുകൂട്ടുന്ന ഒരു മണ്ഡലം കൂടിയാണ് നേമം.

2016-ല്‍ ഒ.രാജഗോപാലിലൂടെ നേമം ബിജെപി പിടിച്ചിരുന്നു. 8,671 വോട്ടുകളുടെ ഭൂരിപക്ഷമാണ് അന്ന് രാജഗോപാലിനുണ്ടായിരുന്നത്. 2021-ല്‍ ബിജെപി അക്കൗണ്ട് പൂട്ടിക്കുമെന്ന് വാഗ്ദാനം ചെയ്ത് വന്ന എല്‍ഡിഎഫ് വി.ശിവന്‍കുട്ടിയിലൂടെ മണ്ഡലം തിരിച്ചു പിടിച്ചു. 2021ല്‍ കെ മുരളീധരന്‍ യുഡിഎഫിന്റെ 2016-ല്‍ നഷ്ടമായ വോട്ട് ബാങ്ക് തിരിച്ച് പിടിക്കുമെന്ന സൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍ എല്‍ഡിഎഫിനും എന്‍ഡിഎയ്ക്കും പിന്നില്‍ മൂന്നാമതായി മുരളീധരന്‍. പക്ഷേ, 6,524 വോട്ടുകള്‍ നേടി മുരളീധരന്‍ കരുത്തു കാട്ടി.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന രാജീവ് ചന്ദ്രശഖര്‍ വലിയ മുന്നേറ്റം നടത്തിയിരുന്നു. 61,227 വോട്ടാണ് 2024ല്‍ ഇവിടെ രാജീവ് പിടിച്ചത്. അന്ന് നേമത്ത് ലഭിച്ച 22,126 വോട്ടിന്റെ ലീഡാണ് 2026ല്‍ നേമത്ത് കണ്ണ് വെയ്ക്കാന്‍ രാജീവ് ചന്ദ്രശേഖറിനെ പ്രേരിപ്പിക്കുന്നത്.

Share This Post
Exit mobile version