Press Club Vartha

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തില്‍ ബിജെപി സീല്‍; പ്രതികരിച്ചവര്‍ക്ക് നോട്ടീസ് അയച്ചതിനെതിരെ മുഖ്യമന്ത്രി; നിഷ്പക്ഷത പാലിക്കണമെന്ന് കമ്മീഷനോട്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തില്‍ ബിജെപി സീല്‍ പതിച്ച സംഭവത്തില്‍ പ്രതികരിച്ചവര്‍ക്ക് നോട്ടീസ് അയച്ചതിനെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. നടപടിയില്‍ രാഷ്ട്രീയ നിഷ്പക്ഷത പാലിക്കണമെന്ന് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്തയച്ചു. കമ്മീഷന്റെ ആവശ്യപ്രകാരമാണ് പൊലീസ് നോട്ടീസ് അയച്ചതെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോലെ ഭരണഘടനാ സ്ഥാപനത്തിന്റെ ബഹുമാന്യത എക്കാലവും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിനാല്‍ കമ്മീഷന്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള നടപടികളില്‍ സമ്പൂര്‍ണ രാഷ്ട്രീയ നിഷ്പക്ഷത പ്രതിഫലിക്കേണ്ടതുണ്ടെന്നും കത്തില്‍ പറയുന്നു.

ജനാധിപത്യ രാജ്യത്ത്, ഇത്തരം സംഭവങ്ങള്‍ പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെക്കും. വിമര്‍ശനങ്ങള്‍ മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുകയോ അപകീര്‍ത്തികരമാവുകയോ വ്യക്തിപരമായ ആക്രമണങ്ങള്‍ക്ക് കാരണമാവുകയോ ചെയ്യാത്തിടത്തോളം അവ കേവലം അഭിപ്രായ പ്രകടനങ്ങളായി മാത്രം വേണം കാണാന്‍ എന്നും പിണറായി വിജയന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന് അര്‍ഹമായ ബഹുമാന്യത ആര്‍ജ്ജിക്കാന്‍ നടപടികളില്‍ നിഷ്പക്ഷത പാലിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കുന്നു.

മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പരിശോധിക്കാതെ ഇത്തരം പ്രധാനപ്പെട്ട ആശയവിനിമയങ്ങള്‍ പുറത്തേക്ക് അയക്കുന്നത് വെറുമൊരു അബദ്ധമായോ യാദൃശ്ചികമായ വീഴ്ചയായോ തള്ളിക്കളയാനാകില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തലത്തില്‍ അന്വേഷണം ഉണ്ടാകുമെന്ന് കേരളത്തിലെ സിഇഒ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണത്തിന്റെ കണ്ടെത്തലുകള്‍ രാഷ്ട്രീയ പാര്‍ട്ടികളെയും പൗരന്മാരെയും അറിയിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Share This Post
Exit mobile version