
തിരുവനന്തപുരം: ഏപ്രില്‍ 9ന് നടക്കാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി കഴിഞ്ഞതോടെ അന്തിമ മത്സരചിത്രം തെളിഞ്ഞു. തീപാറും പോരാട്ടത്തിന് കളമൊരുക്കി 140 മണ്ഡലങ്ങളിലായി ആകെ 890 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. പോരാട്ടത്തിന്റെ ചിത്രം തെളിഞ്ഞതോടെ പ്രചാരണ പരിപാടികള്‍ ഇനി കൂടുതല്‍ സജീവമാകും. തിരുവനന്തപുരം, പേരാവൂര്‍ മണ്ഡലങ്ങളിലാണ് ഏറ്റവുമധികം സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. രണ്ടിടത്തും 11 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നുണ്ട്. മൂന്നുമുന്നണികള്‍ മാത്രം മത്സരിക്കുന്ന വയനാട് ജില്ലയിലെ മാനന്തവാടിയാണ് ഏറ്റവും കുറവ് സ്ഥാനാര്‍ത്ഥികളുള്ള മണ്ഡലം.
സൂക്ഷ്മപരിശോധനയ്ക്ക് ശേഷം ആകെ 985 സ്ഥാനാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. ഇതില്‍ നിന്ന് പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം കഴിഞ്ഞപ്പോഴേക്കും സ്ഥാനാര്‍ത്ഥികളുടെ എണ്ണം 890 ആയി കുറഞ്ഞു. പ്രമുഖ മുന്നണികളുടെ സ്ഥാനാര്‍ഥികളുടെയെല്ലാം പത്രികകള്‍ സ്വീകരിക്കപ്പെട്ടതോടെ ഡമ്മി സ്ഥാനാര്‍ത്ഥികള്‍ പത്രികകള്‍ പിന്‍വലിച്ചിരുന്നു. ഇതിനൊപ്പം ചില സ്വതന്ത്രരും, മഞ്ചേശ്വരത്തെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയും പത്രിക പിന്‍വലിച്ചു.
അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ആയതോടെ സ്ഥാനാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചിഹ്നം അനുവദിക്കുന്നതിലേക്ക് കടന്നു. ഇതില്‍ ആര്‍എംപി സ്ഥാനാര്‍ഥി കെ.കെ രമയ്ക്ക് മുമ്പ് മത്സരിച്ചിരുന്ന ഫുട്ബോള്‍ ചിഹ്നം അനുവദിക്കാതെ പകരം ടെലിവിഷന്‍ അനുവദിച്ചതില്‍ പ്രതിഷേധമുണ്ട്. രമയുടെ പേരില്‍ ഫുട്ബോള്‍ ചിഹ്നത്തില്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്ന പോസ്റ്ററുകളും ഫ്ളക്സ് ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു. ഇനി അത് മാറ്റി പുതിയത് വയ്ക്കേണ്ടിവരും. ചിഹ്നം മാറ്റുന്നതില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്നാണ് ആര്‍എംപിയുടെ ആരോപണം.
മന്ത്രി എ.കെ ശശീന്ദ്രന് എന്‍സിപിയുടെ ക്ലോക്ക് ചിഹ്നം നല്‍കാതെ അദ്ദേഹത്തിന്റെ എതിര്‍സ്ഥാനാര്‍ത്ഥി പി.കെ ശശീന്ദ്രനാണ് ക്ലോക്ക് ചിഹ്നം ലഭിച്ചത്. എ.കെ ശശീന്ദ്രന് ലഭിച്ചത് കാഹളം മുഴക്കുന്ന മനുഷ്യന്റെ ചിഹ്നമാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചിഹ്നവും ഔദ്യോഗിക എന്‍സിപിയായി അംഗീകരിച്ച അജിത് പവാര്‍ പക്ഷത്തിനാണ് നല്‍കിയിരുന്നത്. അജിത് പവാറിന്റെ പക്ഷത്തുള്ള പി.കെ ശശീന്ദ്രനാണ് ക്ലോക്ക് ചിഹ്നം.
ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.വി അന്‍വറിന് ഗ്യാസ് സിലിണ്ടര്‍ ആണ് ചിഹ്നം. തൃണമൂല്‍ പാര്‍ട്ടിയിലാണെങ്കിലും തൃണമൂലിന്റെ ചിഹ്നം അന്‍വറിന് അനുവദിച്ചില്ല. അതുപോലെ അമ്പലപ്പുഴയിലെ സ്ഥാനാര്‍ത്ഥി ജി. സുധാകരന് തെങ്ങിന്‍ തോപ്പാണ് ചിഹ്നമായി അനുവദിച്ചത്. തിരുവനന്തപുരത്തെ സിഎംപി സ്ഥാനാര്‍ത്ഥി സിപി ജോണിന് കപ്പലാണ് ചിഹ്നം. എല്‍ഡിഎഫ് സ്വതന്ത്രന്‍ സുധീര്‍ കരമനയ്ക്ക് കാമറയും അനുവദിച്ചു.