Press Club Vartha

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തില്‍ ബിജെപി സീല്‍; കൂടുതല്‍ നടപടി; ഉദ്യോഗസ്ഥരെ മാറ്റിയെന്ന് സിഇഒ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തില്‍ ബിജെപിയുടെ സീല്‍ പതിഞ്ഞ സംഭവത്തില്‍ കൂടുതല്‍ കര്‍ക്കശമായ നടപടിയെടുത്ത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ.രത്തന്‍ യു ഖേല്‍ക്കര്‍ ആണ് ഇതുസംബന്ധിച്ച് കാര്യം വ്യക്തമാക്കിയത്. കാരണക്കാരായ ഉദ്യോഗസ്ഥരെ ചുമതലകളില്‍ നിന്ന് നീക്കം ചെയ്താണ് നടപടി എടുത്തത്. ജീവനക്കാരെ അവരുടെ മാതൃ ഓഫീസുകളിലേക്ക് തിരിച്ചയച്ചു.

ഡെപ്യൂട്ടി സി.ഇ.ഒ, സെക്ഷന്‍ ഓഫീസര്‍ എന്നിവരെയാണ് തെരഞ്ഞെടുപ്പ് ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിവാക്കിയത്. നേരത്തെ മെയില്‍ അയച്ച അസിസ്റ്റന്റ് സെക്ഷന്‍ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തിരുന്നു. രത്തന്‍ ഖേല്‍ക്കര്‍ തന്നെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഡീഷണല്‍ സിഇഒ പി.ബി നൂഹിനെ ചുമതലപ്പെടുത്തിയിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ച കത്തിലായിരുന്നു ബിജെപിയുടെ സീല്‍ പതിഞ്ഞത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സീലിന് പകരമാണ് ബിജെപി കേരള ഘടകത്തിന്റെ സീല്‍ പതിച്ചത്. ഈ മാസം 22 ന് ഉച്ചയോടെയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇമെയില്‍ സന്ദേശം സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. 2019ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള സന്ദേശത്തിനൊപ്പമുണ്ടായിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിലായിരുന്നു ബിജെപി കേരള ഘടകത്തിന്റെ സീല്‍ ഉള്‍പ്പെട്ടത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അടക്കമുള്ളവര്‍ക്ക് ഈ കത്ത് ലഭിച്ചിരുന്നു.

Share This Post
Exit mobile version