Press Club Vartha

‘നല്ല റോള്‍ നല്‍കാമെന്ന് പറഞ്ഞ് പീഡിപ്പിക്കാന്‍ ശ്രമിച്ചു’; യുവനടിയുടെ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റില്‍

കൊച്ചി: സിനിമാ ലൊക്കേഷനില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റില്‍. ഒരാഴ്ചത്തെ നിരീക്ഷണത്തിനൊടുവില്‍ തൊടുപുഴയില്‍ നിന്നാണ് രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രഞ്ജിത്ത് പുതുതായി സംവിധാനം ചെയ്യുന്ന സിനിമയിലെ നടിയാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നത്. കഴിഞ്ഞ ഒരാഴ്ചയായി രഞ്ജിത്ത് പൊലീസ് നിരീക്ഷണത്തിലായിരുന്നു. കൊച്ചിയില്‍ നിന്ന് സുഹൃത്തിന്റെ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് രഞ്ജിത്തിനെ പിടികൂടിയത്. രഞ്ജിത്തിനെ പിന്നീട് കൊച്ചി പൊലീസിന് കൈമാറും.

രണ്ട് മാസം മുന്‍പാണ് യുവനടി രഞ്ജിത്തിനെതിരെ പരാതി നല്‍കിയത്. കഴിഞ്ഞ ഒരാഴ്ചയായി രഞ്ജിത്ത് പൊലീസ് നിരീക്ഷണത്തിലായിരുന്നു. എസ്പി നല്‍കിയ നേരിട്ടുള്ള നിര്‍ദ്ദേശ പ്രകാരമാണ് രഞ്ജിത്തിനെ കസ്റ്റഡിയില്‍ എടുത്തത്. കൂടുതല്‍ പ്രാധാന്യമുള്ള റോള്‍ നല്‍കാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടിയുടെ പരാതി. പീഡനശ്രമത്തിനിടെ പുറത്തേയ്ക്ക് ഓടി രക്ഷപ്പെടുകയായിരുന്നെന്നും തുടര്‍ന്ന് സഹപ്രവര്‍ത്തകരോട് കാര്യം പറഞ്ഞെന്നും യുവതി പറയുന്നു.

രണ്ട് ദിവസം മുന്‍പ് നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി വരുന്നതിനിടെയാണ് രഹസ്യ നീക്കത്തിലൂടെ രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. നേരത്തെ രഞ്ജിത്തിനെതിരെ സമാനരീതിയില്‍ രണ്ട് പരാതികള്‍ ഉയര്‍ന്നിരുന്നു. ബംഗാളി നടിയും ഒരു യുവാവുമായിരുന്നു രഞ്ജിത്തിനെതിരെ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ രഞ്ജിത്തിനെതിരെ കേസെടുത്തിരുന്നു.

Share This Post
Exit mobile version