Press Club Vartha

മത ചിഹ്നങ്ങളുപയോഗിച്ച് വോട്ട് തേടി; സുരേഷ് ഗോപിക്കെതിരായ തെരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കും; തിരിച്ചടി

കൊച്ചി: ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിക്കെതിരായ സുരേഷ് ഗോപിയുടെ ഇടക്കാല ആവശ്യം ഹൈക്കോടതി തള്ളി. ലോക്‌സഭാംഗത്വം ചോദ്യം ചെയ്തുള്ള ഹര്‍ജി നിലനില്‍ക്കുമെന്ന് ജസ്റ്റിസ് കൗസര്‍ എഡപ്പഗത്ത് വ്യക്തമാക്കി. തൃശൂര്‍ സ്വദേശിയായ സിപിഐ നേതാവ് എ.എസ്. ബിനോയ് സമര്‍പിച്ച ഹര്‍ജിക്കെതിരായ സുരേഷ് ഗോപിയുടെ അപ്പീലാണ് കോടതി തള്ളിയത്. ഇതോടെ, സിപിഐ നേതാവിന്റെ ഹര്‍ജിയില്‍ സുരേഷ് ഗോപി വിചാരണ നേരിടണം. അതേസമയം, ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സുരേഷ് ഗോപി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചേക്കും.

മത ചിഹ്നങ്ങളുപയോഗിച്ച് സുരേഷ് ഗോപിയും തെരഞ്ഞെടുപ്പ് ഏജന്റും വോട്ടഭ്യര്‍ത്ഥന നടത്തിയെന്നാണ് സിപിഐ നേതാവിന്റെ ഹര്‍ജിയിലെ ആരോപണം. പ്രചാരണത്തിനിടെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സമ്മാനങ്ങള്‍ നല്‍കി. തെരഞ്ഞെടുപ്പ് ഏജന്റ് തെരഞ്ഞെടുപ്പിനു തലേദിവസം ശിവരാമപുരത്ത് 500 രൂപ വീതം വിതരണം ചെയ്തു തുടങ്ങിയ ആരോപണങ്ങളാണ് ബിനോയ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. ഹര്‍ജിക്കാരനു വേണ്ടി അഡ്വ. സന്തോഷ് പീറ്റര്‍ ഹാജരായി.

Share This Post
Exit mobile version