Press Club Vartha

എസ്ഡിപിഐ പിന്തുണ സ്വീകരിക്കുമെന്ന സൂചനയുമായി എം.വി ഗോവിന്ദന്‍; പിന്തുണ എന്തിന് വേണ്ടെന്ന് വയ്ക്കണമെന്ന് ചോദ്യം

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണയും സ്വീകരിക്കുമെന്ന സൂചന നല്‍കി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. എസ്ഡിപിഐ പിന്തുണ എന്തിനാണ് വേണ്ടെന്ന് വയ്ക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. എസ്ഡിപിഐ അവരുടെ നിലപാട് പറഞ്ഞാല്‍ സിപിഐഎം നിലപാട് വ്യക്തമാക്കാം. ജമാഅത്തെ ഇസ്ലാമി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ വോട്ട് വേണ്ടെന്ന് ആരെങ്കിലും പറഞ്ഞോയെന്നും എം.വി ഗോവിന്ദന്‍ ചോദിച്ചു.

അതേസമയം എസ്ഡിപിഐ വര്‍ഗീയ പാര്‍ട്ടിയാണോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയാതെ ഒഴിഞ്ഞു മാറുകയാണ് എം.വി ഗോവിന്ദന്‍ ചെയ്തത്. അത് വിശകലനം ചെയ്യേണ്ട വിഷയമാണെന്നായിരുന്നു മറുപടി. വര്‍ഗീയ പാര്‍ട്ടികളെ സംബന്ധിച്ച് സിപിഐഎമ്മിന് കൃത്യമായ നിലപാടുണ്ടെന്നും എസ്ഡിപിഐ എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വയനാട് ഫണ്ടിന്റെ കാര്യത്തില്‍ പ്രതിപക്ഷ നേതാവ് ഇപ്പോഴും ഒന്നും പറയുന്നില്ലെന്ന് എം.വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. ജോയിന്റ് അക്കൗണ്ട് ആണെങ്കില്‍ സത്യാവാങ്മൂലത്തില്‍ ഉണ്ടാകണം. സ്ഥലം വാങ്ങിയത് മുതല്‍ തട്ടിപ്പാണ് നടക്കുന്നതെന്നും എം.വി ഗോവിന്ദന്‍ ആരോപിച്ചു. പയ്യന്നൂരില്‍ വ്യാജ ഐഡി കാര്‍ഡുമായി ബന്ധപ്പെട്ട് കെ.സി വേണുഗോപാല്‍ അസംബന്ധം പറയുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് വ്യാജ രേഖ ഉണ്ടാക്കുന്നത് മനസില്‍വച്ചാണ് ഇത് പറയുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

Share This Post
Exit mobile version