
കണ്ണൂര്‍: പയ്യന്നൂരില്‍ വ്യാജ ആധാര്‍ കാര്‍ഡുകള്‍ സൃഷ്ടിക്കുന്നുണ്ടെന്ന കോണ്‍ഗ്രസിന്റെ പരാതിയില്‍ കണ്ണൂര്‍ ജില്ലാ കലക്ടറോട് അടിയന്തര റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇന്നു തന്നെ റിപ്പോര്‍ട്ട് സമര്‍പിക്കാന്‍ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കെപിസിസി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ അടിയന്തരമായി ഇടപെട്ടത്. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. പയ്യന്നൂര്‍, കല്യാശേരി മണ്ഡലങ്ങളില്‍ വ്യാപകമായി ഇരട്ട വോട്ട് ചേര്‍ത്തതായും കെപിസിസി നല്‍കിയ പരാതിയിലുണ്ട്.
എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് പയ്യന്നൂരില്‍ വ്യാജ ആധാര്‍ കാര്‍ഡുകള്‍ ഉണ്ടാക്കുന്നതായി ആരോപിച്ചിരുന്നത്. സിപിഐഎം പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസിന്റെ മൂന്നാം നിലയിലാണ് വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മാണം നടക്കുന്നതെന്നും കെ.സി വേണുഗോപാല്‍ ആരോപിച്ചിരുന്നു. പരാജയഭീതി പൂണ്ട സിപിഐഎം പഴയ തന്ത്രങ്ങള്‍ പുറത്തെടുക്കുകയാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. സിപിഐഎം വിറളി പൂണ്ടിരിക്കുന്നുവെന്നും ടി പി ചന്ദ്രശേഖരന്റെ അനുഭവം ഓര്‍മിപ്പിച്ച് കൊണ്ടാണ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ സിപിഐഎം തയ്യാറെടുക്കുന്നതെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു.
അതേസമയം, പയ്യന്നൂരില്‍ വ്യാജ ഐഡി കാര്‍ഡുമായി ബന്ധപ്പെട്ട് കെ.സി വേണുഗോപാല്‍ അസംബന്ധം പറയുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് വ്യാജ രേഖ ഉണ്ടാക്കുന്നത് മനസില്‍വച്ചാണ് ഇത് പറയുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.