Press Club Vartha

അരുവിക്കരയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വിനോദസഞ്ചാരികളുടെ മര്‍ദ്ദനം; സിപിഐഎം എന്ന് ആരോപണം; 11 പേര്‍ക്ക് പരുക്ക്

തിരുവനന്തപുരം: അരുവിക്കര നിയമസഭാ മണ്ഡലത്തിന്റെ ഭാഗമായ പൊന്‍മുടിയിലെത്തിയ വിനോദസഞ്ചാരികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചതായി പരാതി. പ്രായമായവരും സ്ത്രീകളും അടക്കം 11 പേര്‍ക്ക് അക്രമത്തില്‍ പരുക്കേറ്റു. തലയ്ക്ക് പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. സിപിഐഎം അനുഭാവികളായ ആളുകളാണ് മര്‍ദ്ദിച്ചതെന്ന് പൊലീസ് പറയുന്നു.

അരുണ്‍, യദു, ശരത്, വിഷ്ണു, ഹാഷിം എന്നിവര്‍ പൊന്മുടി യാത്ര കഴിഞ്ഞ് മടങ്ങി വരുന്നതിനിടയിലാണ് സംഭവം. ഭക്ഷണം കഴിക്കാന്‍ കയറിയ ഹോട്ടലില്‍ ഇരുന്ന് രാഷ്ട്രീയം പറയുന്നത് തടഞ്ഞതിനായിരുന്നു മര്‍ദ്ദനമെന്നാണ് ആരോപണം. പൊന്‍മുടിയിലെ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റിക്കു സമീപത്തെ ഹോട്ടലിലായിരുന്നു സംഭവം. വി.എസ്. ശിവകുമാര്‍ ഇറക്കുമതി സ്ഥാനാര്‍ഥിയാണെന്നും ഇയാള്‍ ഇവിടെ ജയിക്കില്ലെന്നും പ്രതികള്‍ ഹോട്ടലിലിരുന്ന് പറഞ്ഞു. അങ്ങനെയൊന്നും സംസാരിക്കേണ്ടെന്ന് ഹോട്ടല്‍ ഉടമയായ മായ പറഞ്ഞപ്പോള്‍ ഇവര്‍ മായയോട് തട്ടിക്കയറിയതോടെ ബൂത്ത് കമ്മിറ്റി ഓഫിസിലുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അങ്ങോട്ടേക്ക് എത്തുകയും ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമാവുകയും ആയിരുന്നു.

ഇതിനുപിന്നാലെ പ്രതികള്‍ കോണ്‍ഗ്രസിന്റെ ബൂത്ത് കമ്മിറ്റി ഓഫിസ് ആക്രമിക്കുകയും പ്രവര്‍ത്തകരെ മര്‍ദിക്കുകയും ചെയ്തു. സംഭവം വിഡിയോയില്‍ ചിത്രീകരിച്ചവര്‍ക്കെതിരെ അസഭ്യവര്‍ഷവും ചൊരിഞ്ഞു. സ്ഥിതി വഷളാകുമെന്ന് കണ്ടതോടെ ആറംഗ സംഘം കാറില്‍ കയറി രക്ഷപ്പെട്ടു. 6 കിലോമീറ്റര്‍ അപ്പുറം ആനപ്പാറയില്‍ വച്ച് ഇവരുടെ വാഹനം പൊലീസ് തടഞ്ഞു. ഈ സമയത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവിടെ എത്തുകയും വീണ്ടും ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്തു. പ്രതികളെ വൈദ്യപരിശോധനയ്ക്ക് എത്തിച്ച വിതുര താലൂക്ക് ആശുപത്രിക്ക് മുന്നിലും സംഘര്‍ഷമുണ്ടായി.

 

Exit mobile version