Press Club Vartha

രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

കണ്ണൂർ: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകടനപത്രികയിൽ മുന്നോട്ടുവെച്ച 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും ഇതിനോടകം നടപ്പാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചത്.

സര്‍ക്കാരെന്ന നിലയില്‍ ഇത്തരമൊരു കണക്ക് മുന്നോട്ട് വെക്കുന്നത് ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് മുഖ്യമന്ത്രി സര്‍ക്കാരിന്‍റെ പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിച്ചത്.

മുന്നണി എന്ന നിലയിലാണ് ഈ റിപ്പോർട്ട് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2021ല്‍ 900 വാഗ്ദാനങ്ങളാണ് പ്രകടനപത്രികയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. അതില്‍ 97 ശതമാനവും നടപ്പാക്കപ്പെട്ടിട്ടുണ്ട്. ഭൂമിയും വീടും ജനങ്ങൾക്ക് യാഥാർഥ്യമാക്കിയതായി മുഖ്യമന്ത്രി വ്യക്തമാക്കി. ലൈഫ് മിഷൻ പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ പൂർത്തിയാക്കിയതായി പറഞ്ഞു.

കഴിഞ്ഞ രണ്ടു ഘട്ടങ്ങളിലായി നൽകിയ വാഗ്‌ദാനങ്ങളുടെ പുരോഗതിയും മുഖ്യമന്ത്രി വിശദീകരിച്ചു. ലൈഫ് മിഷന് പുറമേ മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷിതമായ താമസമുറപ്പിക്കാന്‍ പുനര്‍ഗേഹം പദ്ധതി നടപ്പിലാക്കി. അതിന്റെ ഭാഗമായി 2782 വീടുകള്‍ 738 ഫ്‌ളാറ്റുകളും കൈമാറിയിട്ടുണ്ട്. 10 വര്‍ഷത്തിനകം 4,56689 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാനായെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ത്രീശാക്തീകരണത്തിനും മുൻഗണന നൽകിയ സർക്കാർ 16 ലക്ഷത്തിലധികം സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകിയതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരമുണ്ടാക്കാനായി. നിയമ ഭേദഗതിയും ചട്ടങ്ങളും കൊണ്ടുവന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമായി മാറ്റാൻ നടപടികൾ കൈക്കൊണ്ടതായും ഭരണസേവനങ്ങൾ ലളിതമാക്കിയതായും അദ്ദേഹം വ്യക്തമാക്കി. അതിദാരിദ്ര്യ നിർമാർജന പദ്ധതിയിലൂടെ സംസ്ഥാനത്തെ 64,006 കുടുംബങ്ങളെ ദാരിദ്ര്യത്തിൽനിന്ന് മോചിപ്പിക്കാൻ സാധിച്ചു. 82 ലക്ഷം അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കിയതായും പി എസ്‍ സി വഴി 3,13,202 നിയമനങ്ങൾ നടത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. ദേശീയപാത, മലയോര ഹൈവേ, തീരദേശ ഹൈവേ താരങ്കപാത എന്നിവയിലെ പുരോഗതിയും മുഖ്യമന്ത്രി വ്യക്തമാക്കി.

Share This Post
Exit mobile version