Press Club Vartha

പ്രളയം മനുഷ്യനിർമിതമെന്ന് മാത്യു കുഴൽനാടന്‍റെ ആരോപണം; മാത്യു കുഴൽനാടനെതിരെ കെ കൃഷ്ണൻകുട്ടി

ഇടുക്കി: കേരളത്തെ തകര്‍ത്ത പ്രളയം മനുഷ്യ നിര്‍മിതമായിരുന്നുവെന്ന് മാത്യു കുഴൽനാടൻ എംഎല്‍എ. ഇതിന് പിന്നില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. കരിമണല്‍ ലോബിക്ക് വേണ്ടിയാണ് കേരളത്തില്‍ പ്രളയം ഉണ്ടാക്കിയത്.

ആദ്യ പിണറായി മന്ത്രിസഭയിലെ മന്ത്രി ആയിരുന്ന മാത്യു ടി തോമസ് സ്വകാര്യ കമ്പനികൾക്ക് ലാഭം ഉണ്ടാക്കാൻ സംസ്ഥാനത്തെ കുരുതി കൊടുത്തെന്നാണ് മാത്യു കുഴൽ നാടന്‍റെ ആരോപണം. മണിയാറിലും പറമ്പിക്കുളത്തും ക്രമക്കേടുകള്‍ നടന്നു. ഇതിന് പിന്നില്‍ കോടികളുടെ അഴിമതിയാണെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.

തോട്ടപ്പള്ളി സ്പില്‍വേ തുറക്കാതിരുന്നത് മേരിമാതായെന്ന കരാർ കമ്പനിക്ക് വേണ്ടിയാണെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി ആരോപിക്കുന്ന ശബ്ദരേഖ മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ടു. ആദ്യ പിണറായി മന്ത്രിസഭയിലെ ജലസേചന മന്ത്രിയായിരുന്ന മാത്യു ടി തോമസ് മേരിമാതാ കണ്‍സ്ട്രക്ഷന്‍ എന്ന സ്വകാര്യ കമ്പനികൾക്ക് ലാഭം ഉണ്ടാക്കാൻ തോട്ടപ്പള്ളി സ്പിൽവേ തുറക്കുന്നത് ഒരു മാസം വൈകിപ്പിച്ചെന്നാണ് മാത്യു കുഴൽനാടൻ ആരോപിക്കുന്നത്.

എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആവശ്യപ്പെട്ടിട്ടും തുറക്കാന്‍ അനുമതി കൊടുത്തില്ല . അത് തുറന്നാല്‍ അതിന്റെ താഴെയുള്ള കാര്യമണല്‍ ഒലിച്ചു പോകും. മേരിമാതായെന്ന കരാർ കമ്പനിയാണ് കരാര്‍ എടുത്തത്. ക്യൂബിക് മീറ്ററിന് 62 രൂപയ്ക്കാണ് അത് കൊടുത്തത്. മറിച്ചുവിറ്റാല്‍ 2,000 രൂപ കിട്ടും. എല്ലാ ചെലവും കഴിഞ്ഞ് 300 കോടിയെങ്കിലും കിട്ടും. അവന് വേണ്ടിയാണ് തുറക്കാതായത്.

മാത്രമല്ല മണിയാറില്‍ നിന്ന് വൈദ്യതി കരാര്‍ എടുത്തത് സ്വകാര്യ കമ്പനിയാണെന്നും മാത്യു കുഴല്‍നാടന്‍ ചൂണ്ടിക്കാട്ടി. ഇവര്‍ക്ക് വേണ്ടി അണക്കെട്ടില്‍ വെള്ളം നിറക്കാന്‍ ചീഫ് എന്‍ജിനീയര്‍ അനുമതി നല്‍കി. ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ സൂയിസൈഡ് വാല്‍വ് തുറന്നു. ഇതാണ് ചെങ്ങന്നൂരില്‍ ഉള്‍പ്പെടെ പ്രളയത്തിന് കാരണം.

അതേസമയം മാത്യു കുഴൽനാടൻ ഉന്നയിച്ച ആരോപണം നിഷേധിച്ച് മന്ത്രി കെ കൃഷ്ണൻകുട്ടി രംഗത്തെത്തി. കനത്ത മഴ മൂലമാണ് പ്രളയമുണ്ടായതെന്ന് ഐഐടി റിപ്പോർട്ട് പുറത്തു വിട്ടിട്ടുണ്ടന്നെന്ന് പറഞ്ഞ മന്ത്രി വിഷയത്തിൽ‌ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.

മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ട ഓഡിയോ തന്റേതല്ലെന്ന് കൃഷ്ണന്‍കുട്ടി പറഞ്ഞു. ഓഡിയോ മനുഷ്യ നിര്‍മ്മിതമാണോ എന്ന് സംശയമുണ്ട്. മാത്യു കുഴൽനാടന്റെ ആരോപണം തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ശബ്ദ രേഖ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

തൊട്ടപള്ളി സ്പിൽവേ സംബന്ധിച്ച് നിയമസഭയിൽ ചർച്ച ചെയ്യാൻ പോലും തയാറാകാത്ത കുഴൽ നാടൻ തെരഞ്ഞെടുപ്പിന് മുൻപ് ആരോപണവുമായി എത്തിയത് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണെന്ന് കെ. കൃഷ്ണൻ കുട്ടി പറഞ്ഞു. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പാലക്കാട് വാര്‍ത്താസമ്മേളനം നടത്തിയായിരുന്നു മന്ത്രിയുടെ പ്രതികരണം.

Share This Post
Exit mobile version