
പാലക്കാട്: പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകുന്നതായി ആരോപണം. പണം വിതരണം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്ത് വിട്ടു. കണ്ണാടി മേഖലയിൽ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് ഒപ്പം ഉണ്ടായിരുന്ന സ്ത്രീയാണ് പണം നല്‍കിയത്.
വയസായ സ്ത്രീക്ക് ബിജെപി പ്രവർത്തകർ പണം കൊടുക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് കോൺഗ്രസ് പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. വൃദ്ധയ്ക്ക് 5000 രൂപ നൽകിയെന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്. ഇതോടെ നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെ ബിജെപി കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്.
അതേസമയം ദൃശ്യങ്ങൾ പകർത്തിയവരെ എൻ ഡി എ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തി. അടിച്ചു കരണകുറ്റി പൊട്ടിക്കുമെന്നാണ് ശോഭ സുരേന്ദ്രന്റെ ഭീഷണി. വിവിധയിടങ്ങളിലായി 5000 രൂപ വീതം നൽകിയതായാണ് വിവരം.
തരുവാകുറിശ്ശിയില്‍ ഒരു മരണവീട്ടില്‍ എത്തിയതായിരുന്നു ശോഭാ സുരേന്ദ്രനും പ്രവര്‍ത്തകരും. ഇതിന് ശേഷം ശോഭാ സുരേന്ദ്രന്‍ തിരികെ കാറില്‍ കയറി. കൂടെയുണ്ടായിരുന്നവർ അതിനുശേഷം തൊട്ടടുത്ത വീട്ടിലേക്ക് വന്നു. അവിടെ കുറച്ചുനേരം സംസാരിക്കുകയും വൃദ്ധയുടെ കൈയിലേക്ക് പണം നൽകുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥലത്തെത്തി. പണം ലഭിച്ച വയോധികയുടെ മൊഴി രേഖപ്പെടുത്താനാണ് തീരുമാനം.
