Press Club Vartha

കൊല്ലത്ത് കാർ അപകടത്തിൽ കായികതാരങ്ങൾക്ക് പരിക്കേറ്റ സംഭവം: നെയ്യാറ്റിൻകര സ്വദേശിക്കെതിരെ കേസ്

കൊല്ലം: കൊല്ലത്ത് യുഡിഎഫിന്റെ കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് രണ്ട് പെണ്‍കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ വാഹനം ഓടിച്ചയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. നെയ്യാറ്റിൻകര സ്വദേശി ദേവനന്ദനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ദേവനന്ദൻ അടക്കം 4 കെ.എസ്.യു പ്രവർത്തകരാണ് കാറിലുണ്ടായിരുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണയുടെ മകന്റെ പേരിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്. കൊല്ലം ഈസ്റ്റ് പൊലീസിന്റേതാണ് നടപടി.

ഗുരുതരമായി പരുക്കേറ്റ ചിന്നുലക്ഷ്മി എന്ന പെണ്‍കുട്ടിക്ക് ആന്തരിക രക്തസ്രാവമുണ്ടായി. വെൻ്റിലേറ്ററിലാണ് ചിന്നുലക്ഷ്മി. മറ്റൊരാളുടെ തുടയെല്ലുൾപ്പെടെ പൊട്ടിയിട്ടുണ്ടെന്നുമാണ് വിവരം. കൊല്ലം സ്വദേശികളായ ചിന്നു ലക്ഷ്മി, ധനലക്ഷ്മി എന്നിവർക്കായിരുന്നു പരുക്കേറ്റത്.

ഇരുവരുടെയും ചികിത്സ യുഡിഎഫ് ഏറ്റെടുക്കുമെന്ന് കഴിഞ്ഞ ദിവസം ബിന്ദു കൃഷ്ണ പറഞ്ഞിരുന്നു. അമിത വേ​ഗതയിലെത്തിയ കാർ റോഡിൻ്റെ അരികിലൂടെ പോകുകയായിരുന്ന ഇരുവരേയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 6.40നായിരുന്നു അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ഇരുവരും തെറിച്ച് കായലില്‍ വീണു.

Share This Post
Exit mobile version