
ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ രൂക്ഷമായ പരാമര്‍ശവും സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. വിശ്വാസികള്‍ അല്ലാത്തവര്‍ നല്‍കിയ ഹര്‍ജികള്‍ 2006-ല്‍ തന്നെ തള്ളേണ്ടതായിരുന്നെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. 2006ല്‍ ഹര്‍ജി നല്‍കിയവര്‍ വിശ്വാസികളല്ല. ശബരിമലയിലെ ആചാരം വിശ്വാസികള്‍ കോടതിയില്‍ ചോദ്യം ചെയ്തിട്ടുമില്ല. വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി എങ്ങനെ പരിഗണിക്കാനാവുമെന്നും കോടതി ചോദിച്ചു.
ശബരിമല ഹര്‍ജിയിലൂടെ നീതിന്യായ വ്യവസ്ഥയെ അദൃശ്യരായ ഇരകളാക്കി എന്നാണ് ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം. ചില ആചാരങ്ങള്‍ അന്ധവിശ്വാസമെന്ന് തീരുമാനിക്കാന്‍ കോടതിക്ക് കഴിയുമെന്ന് ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. അത്തരം കാര്യങ്ങളില്‍ നിയമനിര്‍മ്മാണ സഭയാണ് അവസാന വാക്ക് എന്ന് പറയാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
യുവതി പ്രവേശനവുമായി ബന്ധപ്പെട്ട റഫറന്‍സിലെ രണ്ടാം ദിവസത്തെ വാദത്തിനിടെയാണ് ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം. കോടതികള്‍ ഒന്നും പറയരുത് എന്ന് നിലപാടെടുക്കാനാവില്ല. മന്ത്രവാദത്തെ മതാചാരമായി കാണാനാകുമോ എന്നും മന്ത്രവാദം ഉള്‍പ്പടെയുള്ള അന്ധവിശ്വാസങ്ങളില്‍ നിയമം ഇല്ലെങ്കില്‍ കോടതിക്ക് ഇടപെടാമെന്നും സുപ്രീംകോടതി പറഞ്ഞു. ഇത്തരം അനാചാരങ്ങളെ തടയാന്‍ കോടതിക്ക് അധികാരമില്ലേയെന്നും കേന്ദ്രത്തോട് സുപ്രീം കോടതി ചോദിച്ചു.