Press Club Vartha

ജനമനസ്സ് പെട്ടിയിലായി; മാറുമോ തുടരുമോ.? ഫലമറിയാന്‍ ഇനി 25 നാളത്തെ ആകാംക്ഷാ ഭരിത കാത്തിരിപ്പ്

തിരുവനന്തപുരം: അത്യാവേശത്തോടെ ജനം വിധിയെഴുതിയ നിയമസഭാ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത് ആവേശം ജനിപ്പിക്കുന്ന പോളിംഗ്. മുഴുവന്‍ ജില്ലകളിലും ശരാശരി 75 ശതമാനത്തിനു മുകളില്‍ വോട്ട് രേഖപ്പെടുത്തി. പോളിംഗ് സമയം അവസാനിച്ചതോടെ കേരളത്തില്‍ ഏറ്റവും ഒടുവില്‍ ലഭിക്കുന്ന കണക്കുകള്‍ പ്രകാരം 78.21% പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. അന്തിമ കണക്ക് ലഭ്യമായിട്ടില്ല. മിക്ക ജില്ലകളിലും 76-77% പോൡഗ് രേഖപ്പെടുത്തിയിട്ടുണ്ട്. അന്തിമ കണക്കുകളില്‍ പോളിംഗ് ഒരുപക്ഷേ 80% കടക്കാന്‍ സാധ്യതയുണ്ട്. ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയ ജില്ലകള്‍ പാലക്കാടും കോഴിക്കോടുമാണ്. രണ്ടിടത്തും 80%നു മുകളില്‍ പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്.

തിരുവനന്തപുരം-77.05%, കൊല്ലം-76.27%, പത്തനംതിട്ട-70.76%, കോട്ടയം-74.57%, ആലപ്പുഴ-77.29%, എറണാകുളം-79.72%, തൃശൂര്‍-77.09%, പാലക്കാട്-80.47%, മലപ്പുറം-79.64%, കോഴിക്കോട്?-81.08%, വയനാട്?-78.81%, കണ്ണൂര്‍-78.38%, കാസര്‍കോട്-78.67% എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. അന്തിമ കണക്കുകള്‍ ലഭ്യമാകുമ്പോള്‍ മണ്ഡലാടിസ്ഥാനത്തിലും ജില്ലാടിസ്ഥാനത്തിലുമുള്ള കണക്കുകളിലും മാറ്റമുണ്ടാകും. നാലു മണ്ഡലങ്ങളില്‍ വൈകുന്നേരം ആറുമണിക്ക് മുന്‍പായി തന്നെ പോളിംഗ് 80% കടന്നിരുന്നു. കുന്നത്തുനാട്, ചിറ്റൂര്‍, കുന്ദമംഗലം, അരൂര്‍ മണ്ഡലങ്ങളിലാണ് പോളിംഗ് 80 %നു മുകളില്‍ പോയത്.

കണ്ണൂര്‍ ജില്ലയില്‍ ചിലയിടങ്ങളില്‍ യുഡിഎഫ്, എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. കൊളന്ത, അടിച്ചേരി, മട്ടന്നൂര്‍, മലപ്പട്ടം എന്നിവിടങ്ങളിലാണ് സംഘര്‍ഷം. ചിലയിടങ്ങളില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളിയുമുണ്ടായി. മട്ടന്നൂര്‍ ഏളന്നൂരില്‍ സിപിഎം-യുഡിഎഫ് സംഘര്‍ഷത്തില്‍ 6 പേര്‍ക്ക് പരുക്ക്. കള്ള വോട്ട് ചോദ്യം ചെയ്തതിന്റെ പേരിലാണ് തര്‍ക്കം. മയ്യില്‍ അരിമ്പ്രയില്‍ മയ്യില്‍ സഹകരണ ബാങ്ക് ജീവനക്കാരനും സിപിഎം പ്രവര്‍ത്തകനുമായ പ്രകാശനു കുത്തേറ്റു. മുല്ലക്കൊടി കുറ്റിച്ചിറ ബ്രാഞ്ചിലെ പാര്‍ട്ടി മെംബറായ പി.പി.പ്രകാശനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്ന് സിപിഎം ആരോപിച്ചു. പരുക്കേറ്റ പ്രകാശനെ കണ്ണൂര്‍ എകെജി ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

140 മണ്ഡലങ്ങളിലായി 882 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്. ചരിത്രത്തിലാദ്യമായി മൂന്നാം തവണയും ഭരണം നേടാനായി എല്‍ഡിഎഫും പത്ത് വര്‍ഷത്തിനു ശേഷം അധികാരക്കസേരയില്‍ എത്താന്‍ യുഡിഎഫും കിണഞ്ഞ് പരിശ്രമിച്ച തെരഞ്ഞെടുപ്പില്‍ ഇരുകൂട്ടരും കനത്ത വിജയപ്രതീക്ഷയിലാണ്.

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞു. പ്രതികൂല കാലാവസ്ഥയെ വകവെക്കാതെ പോളിങ് ബൂത്തുകളിലെത്തിയ ജനങ്ങള്‍, കേരളത്തിന്റെ ഉയര്‍ന്ന ജനാധിപത്യ ബോധത്തിന്റെയും നാടിനോടുള്ള ഉന്നതമായ പ്രതിബദ്ധതയുടെയും നേര്‍ക്കാഴ്ചയാണ് നല്‍കിയതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പ്രബുദ്ധ കേരളത്തിന് നന്ദി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി രാപ്പകല്‍ പ്രവര്‍ത്തിച്ച നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഹൃദയാഭിവാദ്യങ്ങള്‍ നേരുന്നതായും കേരളം ജയിക്കും, യുഡിഎഫ് നയിക്കുമെന്നും സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കണ്ണൂര്‍ അഴീക്കോട് വോട്ടറുടെ അനുമതിയില്ലാതെ എല്‍ഡിഎഫ് പ്രതിനിധി ഓപ്പണ്‍ വോട്ട് ചെയ്‌തെന്ന പരാതിയില്‍ പ്രിസൈഡിംഗ് ഓഫീസറെ മാറ്റി. വയനാട് ചെറുകാട്ടൂരില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് പോളിങ് ഓഫിസറെ മാറ്റി. വോട്ടു ചെയ്യാന്‍ എത്തിയവരോട് താമര ചിഹ്നത്തിന് വോട്ട് നല്‍കാന്‍ പ്രേരിപ്പിച്ചു എന്നു കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് നടപടി.

Share This Post
Exit mobile version