Press Club Vartha

നേമത്തെ വികസനം ജനങ്ങൾ ഏറ്റെടുത്തുക്കഴിഞ്ഞു; നേമത്ത് എൽ ഡി എഫ് ജയിക്കുമെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: തിരുവനന്തപുരത്തെ നേമം മണ്ഡലം നിലനിര്‍ത്തുമെന്ന് എൽഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവൻകുട്ടി. അത് നഷ്ടപ്പെടാനുള്ള ഒരു സാഹചര്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ഡലത്തിലെ വികസനം ജനം ഏറ്റെടുത്തു. ജനങ്ങളുടെ ഇടയിൽ ഭരണ വിരുദ്ധ വികാരം ഇല്ലെന്നും തീരുമാനം എടുത്താൽ നടപ്പിലാക്കുന്ന സർക്കാർ ആണെന്ന് ജനം മനസ്സിലാക്കിയെന്ന് വി ശിവൻകുട്ടി പറ‍ഞ്ഞു.

തങ്ങള്‍ തോറ്റാലും നേമത്ത് ബിജെപി ജയിക്കണം എന്നായിരുന്നു കോണ്‍ഗ്രസിനെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപിയ്ക്ക് വോട്ട് മറിച്ച് എല്‍ഡിഎഫിനെ തോല്‍പ്പിക്കാനുളള ശ്രമമാണ് കോണ്‍ഗ്രസ് നടത്തിയത്. നേമത്തെ പല പോളിംഗ് സ്‌റ്റേഷനുകളിലും ഉച്ചകഴിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇല്ലായിരുന്നെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

യുഡിഎഫും ബിജെപിയും ഈ തെരഞ്ഞെടുപ്പിൽ വികസനം ചർച്ച ചെയ്യാൻ തയ്യാറായില്ല. അവർക്ക് വികസനവും രാഷ്ട്രീയവും ചർച്ച ചെയ്യാൻ ഭയമായിരുന്നു. യുഡിഎഫ് എന്ന മുന്നണിയെ ഇപ്പോഴും ജനങ്ങൾക്ക് വിശ്വാസമില്ലെന്നും ശിവൻകുട്ടി പറഞ്ഞു.

വോട്ടെടുപ്പിനുശേഷം നേമം നിലനിര്‍ത്താനാകുമെന്ന് തന്നെയാണ് കണക്കുകൂട്ടലെന്നും ബിജെപി പണമൊഴുക്കിയെങ്കിലും ന്യൂനപക്ഷങ്ങളെ അവര്‍ക്ക് വിലക്ക് വാങ്ങാനായില്ലെന്നും ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയുടെയും കോണ്‍ഗ്രസിന്‍റെയും പൊതുശത്രുവാണ് താൻ. അതിനാൽ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ന്യൂനപക്ഷ വോട്ടുകള്‍ വിഘടിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ ആ വോട്ടുകള്‍ എൽഡിഎഫിന് ലഭിച്ചെന്നാണ് പൊതുവായ വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.

Share This Post
Exit mobile version