Press Club Vartha

90-ല്‍ അധികം സീറ്റുമായി എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച; ഭരണവിരുദ്ധ വികാരമില്ല; ബിജെപി അക്കൗണ്ട് തുറക്കില്ല: എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: കേരളത്തില്‍ ഇക്കുറിയും എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച നേടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലുമെന്ന പോലെ ഇക്കുറിയും 90നു മുകളില്‍ സീറ്റ് നേടിത്തന്നെ എല്‍ഡിഎഫ് അധികാരത്തിലെത്തും. കേരളത്തിലെങ്ങും ഭരണവിരുദ്ധ വികാരമില്ല. സര്‍ക്കാര്‍ തുടരണമെന്ന കാഴ്ചപ്പാട് ജനങ്ങളില്‍ ഉണ്ടായിട്ടുണ്ട്. എല്‍ഡിഎഫിന്റെ രാഷ്ട്രീയ നിലപാടുകള്‍ക്ക് വലിയ അംഗീകാരം നല്‍കുന്ന സ്ഥിതിയുമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് വിശകലനം ചെയ്തതിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് എം.വി.ഗോവിന്ദന്റെ പ്രതികരണം.

വോട്ടിങ് ശതമാനത്തിലുണ്ടായ വര്‍ധനവ് ഭരണവിരുദ്ധ വികാരത്തിന്റെ തെളിവാണെന്ന് പറഞ്ഞ് നൂറിലധികം സീറ്റ് നേടുമെന്ന യുഡിഎഫ് പ്രചാരണം അടിസ്ഥാനമില്ലാത്തതാണ്. എസ്‌ഐആറിന് മുന്‍പ് 2.84 കോടി വോട്ടര്‍മാരാണ് പട്ടികയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പരിഷ്‌കരണത്തിന് ശേഷം 2.17 കോടി വോട്ടര്‍മാരായാണ് കുറഞ്ഞത്. അവരില്‍ 78.27 ശതമാനം വോട്ടര്‍മാണ് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്.

2021-ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 94 മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ എണ്ണം എസ്‌ഐആറിന് ശേഷം കുറഞ്ഞു. ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ കുറഞ്ഞത് തിരുവനന്തപുരം മണ്ഡലത്തിലാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ 71 മണ്ഡലങ്ങളില്‍ ഇത്തവണ വോട്ട് ശതമാനം കുറവാണെന്നും അസാധാരണമായ വോട്ട് വര്‍ധന ഉണ്ടായെന്ന പ്രചാരണം തികച്ചും അടിസ്ഥാനരഹിതമാണെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. ബിജെപിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാനാകില്ലെന്നും എം.വി.ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Share This Post
Exit mobile version