Press Club Vartha

കയ്യും കാലും വെട്ടുമെന്ന് ഭീഷണി മുഴക്കി; അധ്യാപകർക്കെതിരെ നിതിൻ രാജിന്റെ ശബ്ദ സന്ദേശം

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത വിദ്യാര്‍ഥി നിതിന്‍ രാജ് സുഹൃത്തിനയച്ച ശബ്ദ സന്ദേശം പുറത്ത്. അധ്യാപകന്റെ അധിക്ഷേപത്തെക്കുറിച്ച് പരാമർശിക്കുന്ന സന്ദേശമാണ് പുറത്തുവന്നത്. സ്റ്റാഫ് റൂമിൽ വെച്ച് നിരന്തരമായി അപമാനിക്കാറുണ്ടെന്ന് നിതിൻ രാജ് തൻ്റെ ശബ്ദസന്ദേശത്തിൽ പറയുന്നു.

അധ്യാപകര്‍ കൂട്ടത്തോടെ അധിക്ഷേപിച്ചുവെന്നും അധ്യാപകന്‍ വിഡ്ഢി എന്ന് വിളിച്ചുവെന്നും നിതിന്‍ പറയുന്നു. എത്രയോ ബോയ്‌സിനെ പച്ചയ്ക്ക് ഇൻസൾട്ട് ചെയ്യും. സ്റ്റാഫ് റൂം കൂട്ടമായി ആക്രമിക്കുന്ന സ്ഥലമാണ്.

ഇന്റേണല്‍ മാര്‍ക്ക് കുറച്ചത് കുടുംബത്തിന് സര്‍പ്രൈസ് നല്‍കാനെന്ന് പറഞ്ഞു. ഗേറ്റിന് പുറത്തിറങ്ങിയാൽ കയ്യും കാലും വെട്ടുമെന്നും കൈയില്ലാതെ പിന്നെ ജീവിക്കേണ്ടി വരുമെന്നും അധ്യാപകർ പറഞ്ഞുവെന്ന് ശബ്ദസന്ദേശത്തിൽ പറയുന്നു.

‘ഞാന്‍ സ്റ്റാഫ് റൂമില്‍ നിന്നിറങ്ങിയപ്പോള്‍ എന്നോട് യു ആര്‍ ആന്‍ ഇഡിയറ്റ് എന്നുപറഞ്ഞു. ഞാന്‍ സെയിം ടു യു എന്ന് പറഞ്ഞു. കൂട്ടത്തോടെ ആക്രമിക്കുന്ന സ്ഥലമുണ്ടല്ലോ, നമ്മുടെ സ്റ്റാഫ് റൂം. എല്ലാം ഒന്നിനൊന്ന് മെച്ചമാണ്. എന്നോട് പറഞ്ഞു നീ ഗേറ്റിന് പുറത്തുപോയാല്‍ കയ്യും കാലും വെട്ടുമെന്ന്, കയ്യില്ലാതെ നീ ജീവിക്കേണ്ടി വരുമെന്ന്. ഞാന്‍ പറഞ്ഞു എന്നാല്‍ അതൊന്ന് കാണണമല്ലോയെന്ന്. എന്നെ വെറുതെ ക്ലാസില്‍ എഴുന്നേൽപ്പിച്ച് നിര്‍ത്തിയിട്ട് അമ്മയേയും അമ്മയുടെ സര്‍ജറിയേയും കളിയാക്കി. എന്നിട്ട് മൂന്ന് മാര്‍ക്ക് കുറച്ചെന്ന് പാരന്റ്‌സിനോട് സര്‍പ്രൈസായി പറഞ്ഞേക്ക് എന്നുപറഞ്ഞു. അതുപോലെ എന്നെയിന്നലെ ക്ലാസില്‍ ഇന്‍സള്‍ട്ട് ചെയ്തു. ഞാനത് ഒരുപരിധിവരെ സഹിച്ചു. ലാസ്റ്റായപ്പോഴാണ് ഞാന്‍ പൊട്ടിത്തെറിച്ചത്. ക്ലാസിലെ 100-ല്‍ 99 പേരും നിങ്ങളുടെ അടിമയായിരിക്കും. ഞാനെന്തായാലും അതല്ല എന്ന് പറഞ്ഞു. താന്‍, നിങ്ങള്‍ എന്നൊക്കെയേ ഞാനയാളെ വിളിച്ചിട്ടുള്ളൂ, സാര്‍ എന്ന് വിളിച്ചിട്ടില്ല’– എന്നാണ് നിതിൻ രാജിന്റെ ശബ്ദസന്ദേശത്തിൽ പറയുന്നത്.

അതേസമയം നിതിൻ രാജിന്റെ മരണത്തിൽ വകുപ്പ് മേധാവിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥികൾ രംഗത്തെത്തിയിരിക്കുകയാണ്. വകുപ്പ് മേധാവി ക്ലാസിൽ വെച്ച് നിതിനെതിരെ നിരന്തരം അധിക്ഷേപ പരാമർശങ്ങൾ നടത്തിയിരുന്നുവെന്ന് വിദ്യാർത്ഥികൾ പറയുന്നു. പ്രതികരിക്കുന്നവരെ പ്രാക്ടിക്കൽ പരീക്ഷയിൽ തോൽപ്പിച്ചും ഇന്റേർണൽ മാർക്ക്‌ കുറച്ച് പ്രതികാരം തീര്‍ക്കുമെന്നും വിദ്യാർത്ഥികൾ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തിൽ ഡിജിപിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കുടുംബം. മകനെ തള്ളിയിട്ടു കൊന്നതെന്നാണ് കുടുംബത്തിന്റെ പരാതി. ജാതിയുടെയും നിറത്തിന്റെയും അടിസ്ഥാനത്തില്‍ എച്ച്ഒഡി അധിക്ഷേപിച്ചിരുന്നതായി നിതിന്റെ പിതാവ് രാജന്‍ ആരോപിച്ചു. കുട്ടിയെ ‘പുഴുത്ത പട്ടി’ എന്നാണ് വകുപ്പ് മേധാവി വിളിച്ചിരുന്നതെന്ന് അമ്മ ലത പറഞ്ഞു.

Share This Post
Exit mobile version