
തിരുവനന്തപുരം: കേരളത്തിൽ വോട്ടെടുപ്പ് പൂർത്തിയായി ദിവസങ്ങൾ പിന്നിട്ടിട്ടും പോളിംഗ് ശതമാനത്തിന്റെ കൃത്യമായ കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മിഷൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി.
നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പോളിങ് ശതമാനകണക്കുകൾ കമ്മീഷൻ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് കത്തയച്ചു. നിയോജക മണ്ഡലം അടിസ്ഥാനത്തിലുള്ള പോളിങ് ശതമാന കണക്ക് ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് വിവരങ്ങൾ അടിയന്തരമായി തിരഞ്ഞടുപ്പ് കമ്മിഷൻ പുറത്തുവിടണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് നാല് ദിവസം പിന്നിട്ടിട്ടും മണ്ഡലം തിരിച്ചുള്ള പോളിംഗ് ഡാറ്റ, മണ്ഡലാടിസ്ഥാനത്തിലുള്ള വോട്ട് ശതമാനം, പോസ്റ്റല്‍ ബാലറ്റ് സ്ഥിതിവിവരക്കണക്കുകള്‍ എന്നിവയടക്കം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടില്ല.
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാൻ ഓരോ മണ്ഡലത്തിലെയും കൃത്യമായ വോട്ടിംഗ് ശതമാനം പൊതുജനങ്ങൾക്ക് ലഭ്യമാക്കണം. പോളിംഗ് വിവരങ്ങളും പോസ്റ്റൽ ബാലറ്റുകളുടെ എണ്ണവും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഉടൻ അപ്‌ലോഡ് ചെയ്യണം. കൂടുതല്‍ കാലതാമസമില്ലാതെ പൂര്‍ണ്ണമായ തിരഞ്ഞെടുപ്പ് ഡാറ്റ പ്രസിദ്ധീകരിക്കുന്നതിന് ഉടനടി നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. കണക്കുകൾ പുറത്തുവിടുന്നതിലെ കാലതാമസം രാഷ്ട്രീയ കേന്ദ്രങ്ങളിൽ സംശയങ്ങൾക്ക് ഇടനൽകുന്നുണ്ടെന്നും, ഇത് ഒഴിവാക്കാൻ അടിയന്തര നടപടി വേണമെന്നും വി ഡി സതീശൻ പറഞ്ഞു.
