
ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശന വിധിയിലെ റഫറന്‍സില്‍ സുപ്രധാന നിരീക്ഷണവുമായി ഒമ്പതംഗ ഭരണഘടനാ ബെഞ്ച്. കോടിക്കണക്കിന് ജനങ്ങളുടെ വിശ്വാസം തെറ്റാണെന്ന് കോടതിക്ക് എങ്ങനെ പറയാനാകുമെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. സാമൂഹ്യ-ക്ഷേമ പരിഷ്‌കരണത്തിന്റെ പേരില്‍ മതത്തിന്റെ അന്തസത്ത ഇല്ലാതാക്കാനാകില്ലെന്നും ജസ്റ്റിസ് ബി.വി നാഗരത്‌ന നിരീക്ഷിച്ചു. നാലാം ദിവസത്തെ വാദം കേള്‍ക്കുന്നതിനിടെയാണ് ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെ അധ്യക്ഷനായ ചീഫ് ജസ്റ്റിസിന്റെ സുപ്രധാന നിരീക്ഷണം.
ശബരിമലയിലെ ആചാരം മതവിഭാഗത്തിന്റെ അവകാശമെന്ന എന്‍എസ്എസിന്റെ വാദത്തോട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും വിയോജിച്ചു. നൈഷ്ഠിക ബ്രഹ്‌മചാരിയാണ് ശബരിമലയിലെ പ്രതിഷ്ഠയെന്ന് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചു. പ്രതിഷ്ഠയുടെ സ്വഭാവം നിലനിര്‍ത്താനാണ് പ്രത്യേക പ്രായത്തിലുള്ള സ്ത്രീകളെ അകറ്റി നിര്‍ത്തുന്നത്. ഇത് ഭരണഘടനാപരമായ വിവേചനമായി കാണാനാവില്ല. ക്ഷേത്രത്തിലെ നിയമങ്ങള്‍ക്കും പ്രതിഷ്ഠാ സങ്കല്‍പ്പത്തിനും ആണ് ആചാരപരമായ പ്രാധാന്യം നല്‍കേണ്ടതെന്നും ദേവസ്വം ബോര്‍ഡ് നിലപാടെടുത്തു.