Press Club Vartha

ബിഡിഎസ് വിദ്യാര്‍ഥി നിതിൻ രാജിന്റെ മരണം: ലോൺ ആപ്പിനെതിരെ പോലീസ് കേസെടുത്തു

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തെ തുടർന്ന് ലോൺ ആപ്പിനെതിരെ പൊലീസ് കേസെടുത്തു. ഇന്‍റസ്റ്റാ പേ എന്ന ഓൺലൈൻ ലോൺ ആപ്പിനെതിരേയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചക്കരയ്ക്കല്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

നിതിന്‍ രാജിനെ ഭയപ്പെടുത്തി പണം തിരിച്ചടക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് എഫ്‌ഐആര്‍. ഏജൻസിയുടെ ആളുകൾ നിതിനെ മാനസികമായി പീഡിപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ജനുവരിയിലാണ് നിതിന്‍ രാജ് ആപ്പ് വഴി 36 ശതമാനം പലിശയ്ക്ക് 15000 രൂപ വായ്പയെടുത്തത്. തിരിച്ചടവ് മുടങ്ങിയതിനാല്‍ ആപ്പില്‍ നിന്നും സമ്മര്‍ദമുണ്ടായെന്ന് എഫ്‌ഐആറില്‍ സൂചിപ്പിക്കുന്നു.

ഏപ്രില്‍ മാസമായപ്പോഴേക്കും ആപ്പുമായി ബന്ധപ്പെട്ടവര്‍ നിതിനെ നിരന്തരം ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ലോണ്‍ ആപ്പ് നിതിന്റെ അധ്യാപികയുടെ ഫോണിലേക്ക് ഉള്‍പ്പെടെ ഭീഷണി സന്ദേശങ്ങള്‍ അയച്ചിരുന്നു. തുടര്‍ന്ന് നിതിന്‍ രാജിനെ പ്രിന്‍സിപ്പല്‍ ചേംബറില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു.തൊട്ടുപിന്നാലെയായിരുന്നു നിതിന്‍ ആത്മഹത്യ ചെയ്തതെന്നാണ് വാർത്തകൾ വന്നത്. ഇതിനു പിന്നാലെ ലത സൈബര്‍ സെല്ലിന് പരാതി നല്‍കിയിരുന്നു.

Share This Post
Exit mobile version