Press Club Vartha

വനിതാ സംവരണ നിയമം 2023 പ്രാബല്യത്തില്‍; പാർലമെന്റിൽ തർക്കം

ഡല്‍ഹി: 2023-ല്‍ പാര്‍ലമെന്‍റ് പാസാക്കിയ വനിത സംവരണ നിയമം പ്രാബല്യത്തില്‍ വരുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഈ നിയമത്തില്‍ ഭേദഗതി വരുത്താനുളള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് അതിന്മേല്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് വിചിത്ര നടപടി. നിയമം ഇന്നലെ പ്രാബല്യത്തില്‍ വന്ന രീതിയിലാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.

നിയമം നടപ്പിലാക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ ഭരണഘടനാ ഭേദഗതി ബില്ലിന്മേൽ പാർലമെന്റിൽ ചർച്ചകൾ തുടരുന്നതിനിടെയാണ് നിയമ മന്ത്രാലയത്തിന്റെ നീക്കം. 2023ല്‍ പാസാക്കിയ ബില്‍ രാഷ്ട്രപതി നേരത്തെ ഒപ്പുവെച്ചതോടെ നിയമമായിരുന്നു. എങ്കിലും, അത് നടപ്പിലാക്കുന്ന തീയതി പിന്നീടെന്നായിരുന്നു അറിയിച്ചിരുന്നത്.

നിയമം പ്രാബല്യത്തില്‍ വന്നെങ്കിലും അത് പ്രായോഗികമായി നടപ്പിലാക്കുന്നതിന് സാങ്കേതിക തടസങ്ങളുണ്ട്. ഇതില്‍ ആശയക്കുഴപ്പമുണ്ടെന്നും വിചിത്ര നടപടിയെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. 2023ല്‍ ബില്‍ പാര്‍ലമെന്റ് പാസാക്കിയെന്നും ഏപ്രില്‍ 16ന് വനിതാ സംവരണ നിയമം പ്രാബല്യത്തില്‍ വന്നു എന്നുമാണ് നിയമ മന്ത്രാലയം വിജ്ഞാപനത്തില്‍ അറിയിച്ചിരിക്കുന്നത്.

2023-ലെ ഭരണഘടനാ നിയമത്തിലെ ഒന്നാം വകുപ്പ് രണ്ടാം ഉപവകുപ്പ് നൽകുന്ന അധികാരം ഉപയോഗിച്ച് 2026 ഏപ്രിൽ 16 മുതൽ നിയമത്തിലെ വ്യവസ്ഥകൾ നിലവിൽ വന്നതായി കേന്ദ്രം അറിയിച്ചു. ലോക്‌സഭയിലും നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന നിയമമാണ് ഇപ്പോള്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.

Share This Post
Exit mobile version