
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയു തുണികൊണ്ട് മറച്ച സംഭവത്തില്‍ നടപടിയുമായി മനുഷ്യാവകാശ കമ്മീഷന്‍. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാണ് കേസെടുത്തത്. മുതിർന്ന ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷണം നടത്താൻ ഡിഎംഇക്ക് നിർദ്ദേശം നൽകി. ഡെപ്പ്യൂട്ടി ഡി എം ഇ റാങ്കിലുള്ള മുതിർന്ന ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നാണ് നിർദ്ദേശത്തിൽ പറയുന്നത്.
രണ്ടാഴ്ചക്കുള്ളില്‍ സമഗ്ര റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. പിഡബ്ല്യുഡി, ഇലക്ട്രിക്കൽ വിഭാഗങ്ങൾ സ്വീകരിക്കേണ്ട നടപടികൾ പരിശോധിക്കണം. ആശുപത്രി അധികൃതർ നേരിട്ട് ഹാജരായി വിശദീകരിക്കണം എന്നും നിർദ്ദേശം നൽകി.
ഇക്കഴിഞ്ഞ മാർച്ച് 17നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ തീപിടുത്തം ഉണ്ടായത്. 36 ബെഡുകളുള്ള സർജിക്കൽ, ട്രോമാ ഐസിയു വാർഡുകളാണ് ഒഴിപ്പിച്ചത്. ഒരു മാസം കഴിഞ്ഞിട്ടും വാർഡുകൾ പ്രവർത്തനസജ്ജമാക്കാനായില്ല. തുണി കെട്ടി മറച്ചാണ് താൽക്കാലിക ഐസിയുകൾ പ്രവർത്തിക്കുന്നത്. സംഭവം വാർത്തയായതിനു പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്.
