
കഴക്കൂട്ടം: മംഗലപുരം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കെൽട്രോൺ സ്ഥാപിച്ചിരുന്ന വിലകൂടിയ ക്യാമറകൾ മോഷ്ടിച്ച പ്രതിയെ മംഗലപുരം പോലീസ് പിടികൂടി. മുരുക്കുംപുഴ ചിലമ്പിൽ പറക്കോട്ടുകോണം ചരുവിളവീട്ടിൽ സജൻ (30)ആണ് പിടിയിലായത്. ഒരാഴ്ച മുമ്പ് സയൻസ് പാർക്കിനടുത്തെ റോഡുകളിൽ സ്ഥാപിച്ചിരുന്ന ആറോളം ക്യാമറകളാണ് കവർന്നത്. മോഷണം നടത്തുന്ന സമയത്ത് ക്യാമറയുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചെങ്കിലും, സിസ്റ്റത്തിലെ യു.പി.എസ് ബാക്കപ്പ് സഹായത്തോടെ പ്രതി ക്യാമറകൾ തകർക്കുന്നതും മോഷ്ടിക്കുന്നതുമായ ദൃശ്യങ്ങൾ സെൻട്രൽ സർവറിൽ കൃത്യമായി റെക്കോർഡ് ചെയ്യപ്പെട്ടു.
ഈ ദൃശ്യങ്ങൾ കെൽട്രോൺ ഉദ്യോഗസ്ഥർ പോലീസിന് കൈമാറിയതോടെയാണ് പ്രതി വലയിലായത്. നമ്പർ പ്ലേറ്റുകൾ തിരിച്ചറിയാൻ ശേഷിയുള്ള വൻ വിലമതിക്കുന്ന എ.ഐ ക്യാമറകളും വെരിഫോക്കൽ ക്യാമറകളുമാണ് ഇയാൾ കവർന്നത്. ഓരോ ക്യാമറയ്ക്കും പ്രത്യേക ഐ.പി അഡ്രസ്സുകൾ ഉള്ളതിനാൽ ഇവ മറ്റെവിടെയെങ്കിലും ഉപയോഗിക്കാൻ ശ്രമിച്ചാൽ ഉടൻ തന്നെ കണ്ടെത്താൻ സാധിക്കുമെന്ന് കെൽട്രോൺ ഉദ്യോഗസ്ഥർ വ്യക്തമാക്കി. മോഷണം നടത്തിയ ക്യാമറകൾ വിൽപന നടത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നാണ് പ്രാഥമിക നിഗമനം.
സംസ്ഥാനത്തെ 650-ഓളം പഞ്ചായത്തുകളിൽ കെൽട്രോൺ സമാനമായ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം തന്നെ ഉന്നത നിലവാരത്തിലുള്ള സുരക്ഷാ നിരീക്ഷണത്തിലാണെന്നും പൊതുമുതൽ നശിപ്പിക്കാനോ മോഷണം നടത്താനോ ശ്രമിക്കുന്നവർക്ക് ഇത്തരം സംവിധാനങ്ങളിലൂടെ എളുപ്പത്തിൽ നിയമത്തിന് മുന്നിൽ എത്തേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
