Press Club Vartha

ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴ്; ആ ഡോക്ടര്‍ ഒന്നു നോക്കിയിരുന്നെങ്കില്‍..; റിപ്പോര്‍ട്ട് തേടി ഡിഎംഒ

തിരുവനന്തപുരം: വീട്ടിനകത്ത് ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരന്‍ പാമ്പുകടിയേറ്റു മരിച്ചതിന്റെ ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴിലെ അഴൂര്‍ ഗ്രാമം.അഴൂര്‍ പഞ്ചായത്തിലെ മൂലയില്‍ കമ്പിക്കകം വീട്ടില്‍ ദിലീപ്-അനു ദമ്പതികളുടെ മൂത്തമകന്‍ ദിക്ഷലാണ് പാമ്പുകടിയേറ്റു മരിച്ചത്. മൂര്‍ഖന്റെ കടിയേറ്റ ദിക്ഷലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിട്ടും കുഞ്ഞിന് ആന്റിവെനം നല്‍കാതിരുന്നതാണ് മരണകാരണമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ആദ്യമെത്തിയ ആശുപത്രിയില്‍ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ ദിക്ഷലിനെ രക്ഷിക്കാമായിരുന്നുവെന്ന് മാതാപിതാക്കളും പറയുന്നു. അതേസമയം, കുഞ്ഞിന് ചികിത്സ നിഷേധിച്ചെന്ന ആരോപണത്തില്‍ ഡിഎംഒ മെഡിക്കല്‍ കോളജ് സൂപ്രണ്ടില്‍ നിന്ന് റിപ്പോര്‍ട്ട് തേടി.

പുലര്‍ച്ചെ 2.45ന് കുട്ടിയെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെന്നും എന്നാല്‍ വിദഗ്ധ ചികിത്സ ലഭിച്ചില്ലെന്നുമാണ് ദിക്ഷലിന്റെ പിതാവ് ദിലീപ് പറഞ്ഞത്. ആശുപത്രിയില്‍ എത്തിച്ച ശേഷം ശ്വാസം മുട്ടുന്നുവെന്ന് ദിക്ഷില്‍ പറഞ്ഞിട്ടും ഡോക്ടര്‍ തൊട്ടുപോലും നോക്കിയില്ലെന്ന് ദിലീപ് ആരോപിച്ചു. സംസാരിക്കാന്‍ പറ്റുന്നില്ലെന്നു തൊണ്ടയില്‍ കൈ കാണിച്ചു കൊണ്ടിരുന്നു. ആ സമയത്തും അവര് നോക്കിയില്ല. ഉടന്‍ ആംബുലന്‍സ് വിളിച്ച് കൊണ്ടുപോകാനാണ് പറഞ്ഞത്. എന്തോ കടിച്ചിട്ടുണ്ടെന്ന് കുട്ടി പറഞ്ഞിരുന്നു. കടിച്ചതു പാമ്പാണെന്നു കാണാത്തതു കൊണ്ട് എനിക്ക് ഉറപ്പിച്ചു പറയാന്‍ പറ്റിയില്ല. പഴുതാര ആയിരിക്കുമെന്നാണ് കരുതിയതെന്നും ദിലീപ് പറഞ്ഞു. അതേസമയം, പാമ്പ് കടിച്ചതാണെന്ന് വ്യക്തമാകാത്തതിനാലാണ് ആന്റിവെനം നല്‍കാതിരുന്നതെന്നും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു റഫര്‍ ചെയ്തതെന്നുമാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. അതേസമയം, സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ഡിഎംഒ. അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കി.

കടുത്ത ചൂടായിരുന്നതിനാല്‍ മുത്തശിക്കൊപ്പം ദിക്ഷല്‍ നിലത്തുവിരിച്ച പായയിലാണു കിടന്നത്. പുലര്‍ച്ചെ രണ്ടു മണി കഴിഞ്ഞപ്പോള്‍ ഞെട്ടിയുണര്‍ന്ന ദിക്ഷല്‍ തന്റെ കാലില്‍ എന്തോ കടിച്ചുവെന്നു പറഞ്ഞുവെന്നു മുത്തശി പറഞ്ഞു. ദിക്ഷല്‍ തന്നെയാണ് ലൈറ്റിട്ടു നോക്കിയത്. അപ്പോള്‍ ഇടതു കാലിന്റെ തള്ളവിരലില്‍ ചോര കിനിയുന്നുണ്ടായിരുന്നു. ഉടന്‍ തന്നെ മുത്തശിയും ലിജിയും ചേര്‍ന്ന അടുത്ത മുറിയില്‍ ഉറങ്ങിയിരുന്ന ദിലീപിനെയും അനുവിനെയും വിളിച്ചുണര്‍ത്തി വിവരം പറഞ്ഞു. തുടര്‍ന്ന് മാതാപിതാക്കള്‍ മകനെ അടുത്തുള്ള ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Share This Post
Exit mobile version