Press Club Vartha

ഐഎസ്എല്‍: തുടര്‍ ജയങ്ങളുമായി മിന്നി കേരള ബ്ലാസ്റ്റേഴ്‌സ്; പോയിന്റ് പട്ടികയില്‍ മുന്നേറ്റം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സ്വന്തം തട്ടകത്തില്‍ ജയത്തോടെ ആധിപത്യം ഉറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയിലെ ജവഹാര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടുഗോളിനാണ് മഞ്ഞപ്പട ഒഡിഷയെ തോല്‍പിച്ചത്. ഐഎസ്എല്‍ ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ജയമാണിത്. സ്വന്തം തട്ടകത്തില്‍ നടന്ന കളിയില്‍ മഞ്ഞപ്പടയുടെ സമ്പൂര്‍ണ മേധാവിത്വമാണ് കണ്ടത്.

കേരള ബ്ലാസ്റ്റേഴ്സിനുവേണ്ടി വിക്ടര്‍ ബെര്‍തോമ്യൂ 12-ാം മിനിറ്റില്‍ ആദ്യഗോളടിച്ചു. റഹീം അലിയിലൂടെ 27-ാം മിനിറ്റില്‍ ഒഡിഷ തിരിച്ചടിച്ചെങ്കിലും ഇഞ്ചുറി ടൈം ഗോളിലാണ് കേരള ബ്ലാസ്റ്റേഴ്സ് ജയിച്ചത്. 90+4-ാം മിനിറ്റില്‍ മത്തിയാസ് ഹെര്‍നാണ്ടസാണ് ഗോള്‍ സ്‌കോര്‍ ചെയ്തത്. പുതിയ പരിശീലകന്‍ ആഷ്ലി വെസ്റ്റ് വുഡിന് കീഴില്‍ ടീം നടത്തുന്ന മികച്ച തിരിച്ചുവരവ് ആരാധകര്‍ക്കും ആവേശമായി.

11 കളിയില്‍ മൂന്നുജയവും ആറുതോല്‍വിയും രണ്ട് സമനിലയുമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അക്കൗണ്ടിലുള്ളത്. ടീം 11 പോയിന്റോടെ ഒമ്പതാം സ്ഥാനത്തെത്തി. എട്ടുമത്സരങ്ങളില്‍ ആകെ ഒരുജയമുള്ള ഒഡിഷയ്ക്ക് നാലുകളിയില്‍ തോല്‍വിയാണ് ഫലം. മൂന്നെണ്ണത്തില്‍ സമനില വഴങ്ങിയ ഒഡിഷ ആറുപോയിന്റോടെ 13-ാം സ്ഥാനത്താണ്.

Share This Post
Exit mobile version