Press Club Vartha

തൃശ്ശൂര്‍ പൂരം നിര്‍ത്തി വയ്ക്കില്ല; എല്ലാ ചടങ്ങുകളും ചെയ്യും; പല രാജ്യങ്ങളില്‍ നിന്ന് ജനം കാത്തിരിക്കുന്നതാണ്: തിരുവമ്പാടി ദേവസ്വം

തൃശ്ശൂര്‍: മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ പൂരം നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് തിരുവമ്പാടി ദേവസ്വം പ്രസിഡണ്ട്. പൂരം നടത്തുമെന്നും പൂരത്തിന്റെ എല്ലാ ചടങ്ങുകളും ചെയ്യാന്‍ തീരുമാനിച്ചതായും ദേവസ്വം പ്രസിഡണ്ട് രവി പറഞ്ഞു. ആര്‍ഭാടം എത്രയൊക്കെ കുറയ്ക്കാന്‍ പറ്റുമോ അത്രയും കുറയ്ക്കും. ബാക്കി കാര്യങ്ങള്‍ മന്ത്രിതല യോഗത്തിന് ശേഷം തീരുമാനിക്കുമെന്നും ജനവികാരം കണക്കിലെടുത്താണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

പല രാജ്യങ്ങളില്‍ നിന്നും ആളുകള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് പൂരമെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ദിവസം ദുഃഖാചരണം നടത്തും. സാമ്പിള്‍ വെടിക്കെട്ട് നടക്കേണ്ട ദിവസവും ദുഃഖം ആചരിക്കും. ലൈറ്റുകളും മറ്റ് അലങ്കാരവസ്തുക്കളും ഓഫ് ചെയ്തിട്ടുണ്ട്. ചമയ പ്രദര്‍ശനം ഒരു ദിവസം നിര്‍ത്തിവച്ച്, 25ന് നടത്തും. പാറമേക്കാവ് ദേവസ്വവും ഘടക പൂരങ്ങളും ആന ഉടമസ്ഥരും പഞ്ചവാദ്യം മേളക്കാരും ഒരേ സ്വരത്തില്‍ ഇത് തന്നെയാണ് പറയുന്നതെന്നും ദേവസ്വം സെക്രട്ടറി ഗിരീഷ് വ്യക്തമാക്കി.

വെടിക്കെട്ട് മാറ്റിനിര്‍ത്തി ബാക്കിയെല്ലാം സാധാരണ രീതിയില്‍ വേണമെന്നുളളതാണ് പൊതുവികാരമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷും പറഞ്ഞു. 2006-ല്‍ പാറമേക്കാവ് പ്രദേശത്ത് അപകടം നടന്നിരുന്നു. എന്നിട്ടും പൂരവും കുടമാറ്റവും ഭംഗിയായി നടന്നു. തങ്ങളുടെ അഭിപ്രായം നാളെ സര്‍ക്കാരിനെ അറിയിക്കും. വെടിക്കെട്ട് ഡിസ്‌പ്ലേ ചെയ്യാനുളള അനുമതി ഇല്ലെങ്കിലും അത് നശിപ്പിക്കാനുളള അനുമതി ലഭിക്കണം. ചൂടില്‍ അതിങ്ങനെ നില്‍ക്കുന്നതും വലിയ റിസ്‌കാണെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 21ന് വൈകിട്ട് മൂന്ന് മണിയോടെയാണ് മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയില്‍ സ്‌ഫോടനമുണ്ടായത്. തൃശ്ശൂര്‍ പൂരത്തിന്റെ ഭാഗമായി സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയിലായിരുന്നു സ്‌ഫോടനം. അപകടത്തില്‍ ഇതുവരെ പതിനാല് പേരാണ് മരിച്ചത്. വെടിമരുന്ന് ദുരന്തം കനത്ത ചൂട് കാരണമല്ലെന്നാണ് പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ (പെസോ) വിലയിരുത്തല്‍.

മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 14 ലക്ഷം രൂപ അടിയന്തിര ധനസഹായം അനുവദിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 10 ലക്ഷം രൂപയും അനുവദിക്കാനാണ് തീരുമാനം. പരുക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപ അടിയന്തിര ധനസഹായമായി അനുവദിക്കാനും തീരുമാനമായി. പരുക്കേറ്റവരുടെ ആറ് മാസത്തേക്കുള്ള സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കാനും തീരുമാനമായി.

Share This Post
Exit mobile version