
തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ നിര്‍ദേശവുമായി സര്‍ക്കാര്‍ പാമ്പുകടിയേറ്റവര്‍ക്ക് നല്‍കേണ്ട ആന്റിവെനം ഉള്ള ആശുപത്രികളുടെ വിവരം കനിവ് 108 ആംബുലന്‍സില്‍ വിളിച്ചാല്‍ അറിയാന്‍ സാധിക്കുമെന്ന് ആരോഗ്യമന്ത്രി വിണാ ജോര്‍ജ് അറിയിച്ചു. ആന്റിവെനം ലഭ്യമായ ആശുപത്രികളുടെ ലിസ്റ്റ് ആരോഗ്യവകുപ്പ് 108 ആംബുലന്‍സ് ടീമിന് കൈമാറി. 108-ല്‍ വിളിച്ചാല്‍ ആംബുലന്‍സില്‍ ആന്റിവെനം ഉള്ള ആശുപത്രികളില്‍ എത്തിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് നിലവില്‍ 146 ആശുപത്രികളില്‍ ആന്റിവെനം ലഭ്യമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
പാമ്പുകടിയേറ്റാല്‍ ഉടന്‍ തന്നെ ആംബുലന്‍സില്‍ വിളിച്ച് സഹായം തേടണമെന്നും അനാവശ്യമായി ചലനം ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. 108 ടീമിന് ആശുപത്രികളുടെ ലിസ്റ്റ് നല്‍കുന്നതിനാല്‍ ആന്റി വെനം ഇല്ലാത്ത ആശുപത്രികളില്‍ പോയി സമയം കളയേണ്ടി വരില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
അതേസമയം, ഉഷ്ണ തരംഗവുമായി ബന്ധപ്പെട്ട് നിലവിലുള്ള സാഹചര്യം വിലയിരുത്തുന്നതിനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചു. ശനിയാഴ്ച രാവിലെ 11 മണിക്ക് ഓണ്‍ലൈനായാണ് യോഗം ചേരുക. ബന്ധപ്പെട്ട മന്ത്രിമാരും ചീഫ് സെക്രട്ടറിയും ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥരും പങ്കെടുക്കും. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തില്‍ ജില്ലകളുടെ യോഗം കൂടി സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തി. പാമ്പുകടിയേറ്റ് വരുന്നവര്‍ക്ക് മതിയായ ചികിത്സ ഉറപ്പാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.