Press Club Vartha

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്ക് പൂട്ടിട്ട് കെപിസിസി; പരസ്യ പ്രസ്താവനകള്‍ പാടില്ല; അച്ചടക്ക ലംഘനമായി കണക്കാക്കും

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വരും മുന്‍പ് തന്നെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാന ചര്‍ച്ചകള്‍ക്ക് പൂട്ടിടാന്‍ ഒരുങ്ങി കെപിസിസി നേതൃത്വം. മുഖ്യമന്ത്രി സ്ഥാന ചര്‍ച്ചകളില്‍ നിന്ന് പിന്തിരിയാനുള്ള എഐസിസി നിര്‍ദേശം പാലിക്കണമെന്ന് കെപിസിസി കര്‍ശന നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ടു നടക്കുന്ന ചര്‍ച്ചകളില്‍ കടുത്ത നിലപാടാണ് കെപിസിസി സ്വീകരിക്കുന്നത്. എഐസിസി നിര്‍ദേശം മുഖവിലയ്ക്കെടുക്കാതെ ചിലര്‍ നടപടികള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് വീണ്ടും മുന്നറിയിപ്പു നല്‍കുന്നതെന്നു കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് അറിയിച്ചു.

മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സംഘടനയ്ക്ക് പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കുന്ന വിധം പത്ര, ദൃശ്യ, സാമൂഹ്യ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ പരസ്യ പ്രസ്താവനകള്‍ നടത്താന്‍ പാടില്ലെന്ന് കെപിസിസി പ്രസിഡന്റ് അറിയിച്ചു. അത്തരം പ്രസ്താവനകള്‍ അനുചിതമാണ്. എല്ലാവരും അതില്‍നിന്ന് മാറി നില്‍ക്കണം. അല്ലാത്തപക്ഷം അച്ചടക്കലംഘനമായി കണക്കാക്കുമെന്നും പ്രസിഡണ്ട് അറിയിച്ചു.

ചര്‍ച്ചകള്‍ കോണ്‍ഗ്രസ് അണികളിലും യുഡിഎഫിനെ പിന്തുണച്ച ജനവിഭാഗങ്ങളിലും കടുത്ത അസംതൃപ്തി ഉണ്ടാക്കിയിട്ടുണ്ടെന്നും കെപിസിസി പ്രസിഡണ്ട് വ്യക്തമാക്കി.

Share This Post
Exit mobile version