Press Club Vartha

നിതിന്‍ രാജിന്റെ മരണം; എം.കെ റാമിന് തിരിച്ചടി; ജാമ്യമില്ല; സംഗീതയ്ക്ക് ജാമ്യം

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളേ് വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിയായ ഡോ. എം കെ റാമിന് കോടതിയില്‍ തിരിച്ചടി. മുന്‍കൂര്‍ ജാമ്യം തേടിയുള്ള റാമിന്റെ അപേക്ഷ തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. ഒന്നാം പ്രതിയായ റാമിന്റെ വാദങ്ങള്‍ തള്ളിയ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിക്കുകയായിരുന്നു. അതേസമയം കേസിലെ മറ്റൊരു പ്രതിയായ അധ്യാപിക സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ഉഴമലയ്ക്കല്‍ സ്വദേശിയായ നിതിന്‍, 2026 ഏപ്രില്‍ 10-നാണ് ജീവനൊടുക്കിയത്.

നിതിന്റെ മരണത്തില്‍ പങ്കില്ലെന്നും ജാതിഅധിക്ഷേപം നടത്തിയിട്ടില്ലെന്നുമായിരുന്നു ഡോ.റാമിന്റെ വാദം. എന്നാല്‍ ജാതിയുടെയും നിറത്തിന്റെയും പേരില്‍ ഡോ. റാം നിതിനെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം കോടതിയില്‍ ഉന്നയിച്ചു. അധിക്ഷേപിച്ചവരുടെ ചിത്രങ്ങള്‍ നിതിന്‍ സഹോദരിക്ക് അയച്ചു കൊടുത്തിരുന്നതായും കുടുംബം കോടതിയില്‍ വാദിച്ചു.

ഓണ്‍ലൈന്‍ ലോണ്‍ ആപ്പില്‍ നിന്നുള്ള ഭീഷണിയാണ് നിതിന്‍രാജ് ജീവനൊടുക്കാന്‍ കാരണമെന്ന് പ്രതിഭാഗം വാദിച്ചു. പക്ഷേ, ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കുടുംബത്തിന്റെ അറിവോടെ പരിഹരിക്കപ്പെട്ടതാണെന്നായിരുന്നു കുടുംബത്തിന്റെ വാദം. സംഭവദിവസം താന്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് ഡോ. സംഗീത നമ്പ്യാര്‍ കോടതിയെ അറിയിച്ചത്.

വ്യാഴാഴ്ച ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വിധി വരുന്നതുവരെ പ്രതികളുടെ അറസ്റ്റ് തടയണമെന്ന ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റം, പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധന നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. സംഭവത്തെത്തുടര്‍ന്ന് കോളേജ് മാനേജ്മെന്റ് ഡോ. റാമിനെ സര്‍വീസില്‍ നിന്ന് പുറത്താക്കിയിരുന്നു.

Share This Post
Exit mobile version