Press Club Vartha

ഒറ്റദിവസം പന്ത്രണ്ടോളം പാമ്പുകടി കേസുകള്‍; കേരളത്തില്‍ പാമ്പുകടി കേസുകള്‍ കൂടുന്നു

തിരുവനന്തപുരം: കേരളത്തില്‍ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച മാത്രം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി പാമ്പുകടി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് പന്ത്രണ്ടോളം കേസുകളാണ്. കൂടുതല്‍ കോട്ടയം, കോഴിക്കോട് ജില്ലകളിലും. രണ്ടിടത്തും മൂന്നുവീതം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

കോഴിക്കോട് താമരശേരിയില്‍ ഇരുപതുകാരിയ്ക്ക് പാമ്പുകടിയേറ്റു. ചെമ്പ്ര സ്വദേശി ശില്‍പയ്ക്കാണ് കടിയേറ്റത്. താമരശേരി ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. പെണ്‍കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഉളേള്യരിയില്‍ യുവാവിന് പാമ്പ് കടിയേറ്റതായും റിപ്പോര്‍ട്ടുണ്ട്. പുതിയോട്ടില്‍ സുധീഷിനാണ് (42) കടിയേറ്റത്. വീട്ടുമുറ്റത്തുവെച്ചാണ് പാമ്പ് കടിയേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടുമുറ്റത്ത് എത്തിയപ്പോഴായിരുന്നു സംഭവം. കാല്‍വിരലിന് കടിയേറ്റ ഉടനെ സുധീഷ് ശക്തിയായി കാല്‍ കുടഞ്ഞു. ഇതോടെ പാമ്പ് തെറിച്ചുപോയി. പാമ്പിനെ കണ്ടെത്താനായിട്ടില്ല. രാവിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ സുധീഷിന്റെ വീടിന് സമീപത്ത് പാമ്പിനെ കണ്ടിരുന്നു.

പാലക്കാട് വീടിനകത്ത് മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. കൂട്ടുപാതയിലുളള വീട്ടിലെ കിടപ്പുമുറിയിലാണ് പാമ്പിനെ കണ്ടത്. മുറിയിലെ അലമാരയുടെ താഴെ നിന്നാണ് പാമ്പിനെ പിടികൂടിയത്. പത്തനംതിട്ടയില്‍ എടിഎം കൗണ്ടറിനകത്ത് നിന്നും പാമ്പിനെ പിടികൂടി. തിരുവല്ല കുറ്റപ്പുഴയിലാണ് എടിഎം കൗണ്ടറിനകത്ത് പാമ്പിനെ കണ്ടത്.

Share This Post
Exit mobile version