Press Club Vartha

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അര മണിക്കൂർ വരെ ലോഡ് ഷെഡ്ഡിംഗ് ഉണ്ടാകും. രാത്രി 6 മുതൽ 12 വരെയുള്ള സമയങ്ങളിൽ അരമണിക്കൂറാവും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുക. കെഎസ്ഇബി ഉന്നതതലയോഗത്തിലാണ് തീരുമാനം. ‘ലോഡ് ഷെഡിങ്’ എന്ന വാക്ക് ഒഴിവാക്കി ‘പീക്ക് ലോഡ് മാനേജ്‌മെന്റ്’ എന്ന പേരിലാകും ഈ നിയന്ത്രണം നടപ്പിലാക്കുക.

പീക്ക് സമയത്തെ അമിത ലോഡ് നിയന്ത്രിക്കുന്നതിനായി 30 മിനിറ്റില്‍ താഴെയുള്ള നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സ്റ്റേറ്റ് ലോഡ് ഡിസ്പാച്ച് സെന്റര്‍ ചീഫ് എന്‍ജിനീയര്‍ക്ക് അധികൃതര്‍ അനുമതി നല്‍കിയിട്ടുണ്ട്. വൈദ്യുതി വിതരണം തടസ്സരഹിതമായി നിർവ്വഹിക്കാൻ ഉപഭോക്താക്കളുടെ സഹകരണം ആവശ്യപ്പെട്ടിരിക്കുകയാണ് കെഎസ്ഇബി. വൈദ്യുതി ആവശ്യകത ക്രമാതീതമായി ഉയർന്നാൽ പ്രസരണ വിതരണ ശൃംഖലയിലുണ്ടാകുന്ന കനത്ത സമ്മർദ്ദം കാരണം ഗുരുതരവും അപരിഹാര്യവുമായ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്.

വൈദ്യുതി വാഹന ചാർജിംഗ് വൈകുന്നേരം 6 മുതൽ രാത്രി 12 വരെ പൂർണ്ണമായും ഒഴിവാക്കണമെന്നും ചാർജിങ് പകൽ സമയത്തേക്ക് ക്രമീകരിക്കണമെന്നുമാണ് കെ എസ് ഇ ബി നിർദ്ദേശിച്ചിരിക്കുന്നത്. കൂടാതെ എസി 24-26 ൽ ക്രീകരിക്കണമെന്നും യോഗത്തിൽ നിർദേശമുയർന്നു. ഇൻഡക്ഷൻ കുക്കറിന്റെ ഉപയോഗം പീക്ക് ടൈമിൽ ഒഴിവാക്കുക, വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഇലക്ട്രിക് ഹീറ്റർ, അയൺ, വാഷിംഗ് മെഷീൻ, പമ്പ് സെറ്റ് തുടങ്ങിയവയുടെ ഉപയോഗവും ഈ സമയത്ത് ഒഴിവാക്കുക, അത്യാവശ്യമല്ലാത്ത ലൈറ്റുകൾ അണയ്ക്കണമെന്നും കെ എസ് ഇ ബി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

Share This Post
Exit mobile version