
കൊച്ചി: തൃശൂര്‍ കോടാലിയില്‍ വീട്ടില്‍ നിന്ന് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പത്ത് വയസ്സുകാരന്‍ അനോഷ് ആശുപത്രി വിട്ടു. ഇന്ന് നാലരയോടെയാണ് അനോഷിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.
അനോഷ് പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ചികിത്സിച്ച ഡോ. രമേഷ് പറഞ്ഞു. ന്യൂറോ സംബന്ധമായുളള പ്രശ്‌നങ്ങളും ശ്വാസ തടസങ്ങളും പൂര്‍ണമായും ഭേദമായെന്നും ഡോക്ടര്‍ പറഞ്ഞു. അനോഷിന്റെ മാതാപിതാക്കളായ സിൽജോയും ജോൺസിയും ഡോക്ടർമാർക്കും സർക്കാരിനും ഒപ്പം നിന്നവർക്കും നന്ദി പറഞ്ഞു.
ഒരു മകന്‍ പോയി, ഒരാളെയെങ്കിലും കിട്ടണേ എന്ന പ്രാര്‍ത്ഥനയായിരുന്നെന്നും പിതാവ് സില്‍ജോ പറഞ്ഞു. അല്‍ജോയുടെ ജീവന്‍ രക്ഷിക്കാന്‍ എല്ലാവരും ശ്രമിച്ചെന്നും സാധിച്ചില്ലെന്നും കരഞ്ഞുകൊണ്ട് മാതാപിതാക്കള്‍ പറഞ്ഞു.ഡോക്ടർമാരും നേഴ്സുമാരുമുൾപ്പെടെ നിരവധി പേരാണ് അനോഷിനെ പൂക്കൾ നൽകി വീട്ടിലേക്ക് യാത്രയാക്കിയത്.
കൊടകര കോടാലി സ്വദേശികളായ സിൽജോ – ജോൺസി ദമ്പതികളുടെ മകനാണ് അനോഷ്. ഏപ്രില്‍ 18ന് പുലര്‍ച്ചെയാണ് കോടാലിയിലെ വീട്ടില്‍ വച്ച് അനോഷിനെയും സഹോദരന്‍ അല്‍ജോയെയും കിടന്നുറങ്ങുമ്പോള്‍ ശംഖുവരയന്‍ പാമ്പ് കടിച്ചത്. അല്‍ജോയ്ക്ക് ജീവന്‍ നഷ്ടമായി.
